ഒഡീഷ ട്രെയിൻ ദുരന്തം; കുറ്റക്കാരെന്ന് കണ്ടെത്തുന്നവർ കർശനമായി ശിക്ഷിക്കപ്പെടും, പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ അപകടം നടന്ന ഒഡീഷയിലെ ബാലസോർ സന്ദർശിച്ചു. അപകടസ്ഥലം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി. ഈ വലിയ ദുരന്തത്തിന്റെ വ്യാപ്‌തി കുറയ്ക്കുന്നതിന് എല്ലാ സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

“സംഭവത്തിൽ എന്റെ ദുഃഖം വിവരിക്കാൻ വാക്കുകളില്ല. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണ്. ദുരന്തത്തെ നേരിടാൻ ദൈവം അവർക്ക് ശക്തി നൽകട്ടെ,” അദ്ദേഹം പറഞ്ഞു. “ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർ കർശനമായി ശിക്ഷിക്കപ്പെടും,” നരേന്ദ്രമോദി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിക്കൊപ്പം ട്രെയിൻ അപകടം നടന്ന സ്ഥലം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും സന്ദർശിച്ചിരുന്നു. സംഭവത്തെ ‘ദുരന്തപൂർണം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡി‌ആർ‌എഫ്) എന്നിവയ്‌ക്കൊപ്പം സംസ്ഥാന സർക്കാരും ഇന്ത്യൻ സൈന്യവും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

മരണമടഞ്ഞ കുടുംബങ്ങൾക്ക് അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരിതബാധിതർക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്‌ച വൈകീട്ടാണ് വൻ ദുരന്തം നടന്നത്, കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്കുള്ള കോറമാണ്ടൽ എക്‌സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, മറ്റൊരു ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

Also Read: ഒഡീഷ ട്രെയിന്‍ അപകടം; 288 മരണം, നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍, 56 പേരുടെ നില ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News