രാഹുല്‍ ഗാന്ധിയെ ലോകാസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ടികള്‍. എല്ലാ പ്രതിപക്ഷ പാര്‍ടികളും കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നുവെന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിക്കായി ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ പാര്‍ടികളെയാണ് പ്രധാനമന്ത്രി ഉന്നംവെക്കുന്നത്.
അഴിമതിക്കാരായ എല്ലാവരും ഒരു വേദിയിലായെന്ന് മോദി പറഞ്ഞു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ കടന്നാക്രമണം. ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ആ സ്ഥാപനങ്ങളെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനുമാണ് ശ്രമങ്ങള്‍ നടക്കുന്നതെന്ന് നരേന്ദ്ര മോദി ആരോപിച്ചു.
അന്വേഷണ ഏജന്‍സികള്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ആവര്‍ ആക്രമിക്കപ്പെടുന്നു. ചില രാഷ്ട്രീയ പാര്‍ടികള്‍ അഴിമതിക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചരണം ആരംഭിച്ചിരിക്കുകയാണെന്ന വിമര്‍ശനവും പ്രധാനമന്ത്രി ഉയര്‍ത്തി. കര്‍ണാക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യപാനത്തിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയത്.
അദാനി വിഷയത്തിലും രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത നീക്കേണ്ടി വന്നതും കേന്ദ്രത്തിന് വലിയ തിരിച്ചടിയായി. കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ടികള്‍. അതിനിടയിലാണ് എല്ലാ പ്രതിപക്ഷ പാര്‍ടികളെയും അഴിമതിക്കാരായി ചിത്രീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here