സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. ബിഹാറിലെ വൈശാലി ലാല്‍ഗഞ്ച് ബ്ലോക്കിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച മുട്ട സ്വന്തം ബാഗിലാക്കി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുട്ടകള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ ഏതോ ജീവനക്കാരന്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഡിസംബര്‍ 12 ന് എടുത്തതാണെന്ന് പറയപ്പെടുന്ന വീഡിയോയില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി കൊണ്ടു വന്ന മുട്ടകള്‍ പ്രിന്‍സിപ്പല്‍ തന്റെ ബാഗിലിട്ട് വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നത് കാണാം. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ സത്യമല്ലെന്നും താന്‍ മുട്ടകള്‍ സ്‌കൂളിലെ പാചകക്കാരന് കൈമാറുകയായിരുന്നെന്നും പ്രിന്‍സിപ്പല്‍ സുരേഷ് സഹാനി പറഞ്ഞു.
അതേസമയം, സംഭവമറിഞ്ഞ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. ആരോപണം ശക്തമായതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സംഭവം നടന്നത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. വിഷയം വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്നും പ്രിന്‍സിപ്പലിനെതിരെ മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കായുള്ള ആലോചനയിലാണ് നിലവില്‍ വിദ്യാഭ്യാസ വകുപ്പെന്നും അധികൃതര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here