തന്റെ പുതിയ ചിത്രമുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ കൗതുകകരമായ വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍. എംടി തിരക്കഥ എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് രസകരമായ മറുപടി പ്രിയന്‍ നല്‍കിയത്.
‘ഒരു ഇതുമില്ല, ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി’ – എന്നായിരുന്നു പ്രിയന്റെ പ്രതികരണം. ഇനി ഒരു ചരിത്ര സിനിമ താന്‍ എടുക്കില്ല എന്നതാണ് തമാശ രൂപേണെ പ്രിയദര്‍ശന്‍ തുറന്നടിച്ചത്.
2021 ല്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു മരക്കാര്‍. മികച്ച ഗ്രാഫിക്‌സിനുള്ള ദേശീയ പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്‌ക്കാരവും ചിത്രം നേടിയിരുന്നു. എന്നാല്‍ തീയറ്ററില്‍ ചിത്രം വിജയിച്ചിരുന്നില്ല. മോഹന്‍ലാല്‍,കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, കല്ല്യാണി പ്രിയദര്‍ശന്‍, പ്രണവ് തുടങ്ങിയ വമ്പന്‍ താരനിര തന്നെ ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു. മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് ഏകദേശം 100 കോടിക്കടുത്തായിരുന്നു ‘എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
തന്റെ പുതിയ ചിത്രമായ ‘കൊറോണ പേപ്പേഴ്‌സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രിയന്റെ പ്രതികരണം. ഉടന്‍ റിലീസിന് തയ്യാറാകുന്ന ചിത്രത്തില്‍ യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേ സമയം പ്രിയന്റെ പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രില്‍ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭമായ ഈ ചിത്രം പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here