ഹിമാചല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇടപെട്ട് പ്രിയങ്കാ ഗാന്ധി. ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി വിക്രമാദിത്യ സിങ്ങുമായി പ്രിയങ്കാഗാന്ധി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിക്രമാദിത്യ സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പ് ഹൈക്കമാന്‍ഡ് നല്‍കിയതായാണ് വിവരം.
തിങ്കളാഴ്ചയാണ് പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും മന്ത്രി വിക്രമാദിത്യ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. രാജിഭീഷണി മുഴക്കിയ വിക്രമാദിത്യ, മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. മാത്രമല്ല, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക വോട്ട് ചെയ്തതിന് പിന്നാലെ സ്പീക്കര്‍ അയോഗ്യരാക്കിയ ആറ് എംഎല്‍എമാരെ വിക്രമാദിത്യ സിംഗ് സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും പിഡബ്ലിയുഡി മന്ത്രി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം എന്നീ പദവികള്‍ മാറ്റി പകരം ഹിമാചലിന്റെ സേവകന്‍ എന്ന വിശേഷണം മാത്രമായിരുന്നു ഉപയോഗിച്ചത്. ഇതിനിടെ പിസിസി അധ്യക്ഷ പ്രതിഭാ സിംഗ് മോദി സ്തുതികളുമായി എത്തിയതും ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു.
Also Read: കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കും: മന്ത്രി വി ശിവൻകുട്ടി
ഇതോടെയാണ് പിസിസി അധ്യക്ഷയെയും മകന്‍ വിക്രമാദിത്യയെയും അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ശ്രമം ആരംഭിച്ചത്. തന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിനോട് പോലും സുഖ് വീന്ദര്‍ ആദരവ് കാണിക്കുന്നില്ലെന്നാണ് വിക്രമാദിത്യയുടെ പരാതി. പിതാവിന്റെ പേരില്‍ ഒരു സ്മാരകം പോലും നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ മാറ്റുന്നതടക്കമുളള കാര്യങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പ് ഹൈക്കമാന്‍ഡ് നല്‍കിയെന്നാണ് വിവരം. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും പിസിസി അധ്യക്ഷയുടെ നേതൃത്വത്തില്‍ തന്നെ വിമത നീക്കം ശക്തമായതോടെ ഉത്തരേന്ത്യയിലെ ഭരണത്തിലുളള ഏക സംസ്ഥാനവും കൈവിടുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here