ആർഎസ്എസ് അനുകൂല വാർത്താ ഏജൻസി-പ്രസാർ ഭാരതി കരാർ, ഒളിച്ചു കളിച്ച് കേന്ദ്രസർക്കാർ

ആർഎസ്എസ് അനുകൂല ന്യൂസ് ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറുമായുള്ള കരാറിനെക്കുറിച്ച് ഒളിച്ചു കളിച്ച് കേന്ദ്രസർക്കാർ. ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഈ വിവരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പൂർണ്ണമായി വെളിപ്പെടുത്തിയില്ല.

ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ മന്ത്രാലയം തയ്യാറായിട്ടില്ല. ഹിന്ദുസ്ഥാൻ സമാചാറിന് നൽകുന്ന പ്രതിഫലത്തിന്റെ വിശദാശംങ്ങൾ മറുപടിയിൽ സൂചിപ്പിച്ചിട്ടില്ല. പിടിഐ, യുഎൻഐ തുടങ്ങിയ വാർത്ത ഏജൻസികളുടെ സേവനങ്ങൾ നിർത്തലാക്കിയതിന്റെ കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്താനും മന്ത്രാലയം തയ്യാറായിട്ടില്ല.

2020 നവംബർ 30-നാണ് ഹിന്ദുസ്ഥാൻ സമാചാറുമായുള്ള പ്രാരംഭ കരാർ ഒപ്പിട്ടതെന്ന് മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. രണ്ട് ദേശീയ ഭാഷകളിലും 4 പ്രാദേശിക ഭാഷകളിലും 6 പ്രാദേശിക സർവീസുകളിലും ഒരുവർഷത്തേക്ക് കോംപ്ലിമെന്ററി വ്യവസ്ഥയിലായിരുന്നു കരാർ. പിന്നീട് 2 വർഷത്തേക്ക് കരാർ നീട്ടാനും വ്യവസ്ഥയുണ്ടായിരുന്നെന്ന് മറുപടി വെളിപ്പെടുത്തുന്നു. ഹിന്ദുസ്ഥാൻ സമാചാറുമായുള്ള പുതിയ കരാർ ഉണ്ടാക്കിയത് ഫെബ്രുവരി 14 2023-ൽ ആണെന്നും അതിന് 2025 മാർച്ച് 30 വരെ കാലാവധിയുണ്ടെന്നും മറുപടി വ്യക്തമാക്കുന്നുണ്ട്.

2006 മുതൽ യുഎൻഐ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വാർത്താ ഏജൻസികളുമായി പ്രസാർ ഭാരതിക്ക് അനൗപചാരിക സബ്സ്ക്രിപ്ഷൻ ധാരണ ഉണ്ടായിരുന്നതായി മറുപടി വ്യക്തമാക്കുന്നു. എന്നാൽ ഈ അനൗപചാരിക ക്രമീകരണം അവസാനിപ്പിക്കാൻ പ്രസാർ ഭാരതി ബോർഡ് തീരുമാനിച്ച വിവരം 2020 ഒക്ടോബർ 20ന് യുഎൻഐയെയും പിടിഐയെയും അറിയിച്ചിരുന്നു എന്നും മറുപടി വ്യക്തമാക്കുന്നു. ഇതിന് ശേഷം നവംബറിലാണ് ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർ ഭാരതി ധാരണയിൽ എത്തുന്നത്. എന്തുകൊണ്ടാണ് യുഎൻഐയുമായും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായും ധാരണ അവസാനിപ്പിച്ചതെന്ന് പക്ഷെ മറുപടിയിൽ വ്യക്തത നൽകുന്നില്ല.

യുഎൻഐയെയും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെയും സാമ്പത്തികമായി തളർത്താനാണ് അവരുമായുള്ള ധാരണ പ്രസാർ ഭാരതി അവസാനിപ്പിച്ചതെന്ന് വിമർശനങ്ങളുണ്ട്. വർഷംതോറും ഒമ്പത്‌ കോടി രൂപ നൽകിയാണ്‌ പ്രസാർഭാരതി പിടിഐ വാർത്തകൾ ഉപയോഗിച്ചിരുന്നത്‌ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യുഎൻഐയെയും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെയും ഒഴിവാക്കിയത് സംഘപരിവാർ വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ വളർത്തുകയെന്ന മോദി സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു എന്നും വിമർശനമുണ്ട്. ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർഭാരതി 7.7 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ജോൺ ബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിൽ ഈ കരാറിലെ സാമ്പത്തിക വ്യവസ്ഥകൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News