സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനവിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിച്ച ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. പിണറായി വിജയന്‍ സര്‍ക്കാരാണ് കമ്മീഷനെ നിയോഗിച്ചതെന്നും, റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമോ എന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും ന്യൂനപക്ഷ അവകാശ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. കമ്മീഷന്റെ വിവിധ ശുപാര്‍ശകള്‍ മുപ്പതോളം വകുപ്പുകളുടെ പരിശോധന ആവശ്യമുള്ളതാണ്. ബന്ധപ്പെട്ട ശുപാര്‍ശകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം അടുത്ത ആഴ്ച ചേരാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ കമ്മീഷന്‍ പ്രശംസിച്ചിട്ടുണ്ട്. കമ്മീഷനിലെ നിര്‍ദ്ദേശമായ, കേരള മൈനോറിറ്റി ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ തീരുമാനിച്ചു കഴിഞ്ഞു. കമീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം, കോര്‍പ്പറേഷന്റെ ശാഖകള്‍ ആരംഭിക്കാനുള്ള പ്രൊപ്പോസലും തയ്യാറാകുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും മറ്റും ജോലി ലഭിക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങള്‍ കൂടുതലായി ആരംഭിക്കും. ഇതിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം രൂപംകൊണ്ട ന്യൂനപക്ഷ ക്ഷേമ സെല്‍,ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, മദ്രസ്സ അദ്ധ്യാപകര്‍ക്ക് ക്ഷേമനിധി, സൗജന്യ മത്സര പരീക്ഷാ പരിശീലന കേന്ദ്രം, ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എന്നിവ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാകും വിധമാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ വീണ്ടും ദുര്‍ബലരാക്കാനും രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനും ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ്. ആഘോഷങ്ങളെ മതപരമായി പരിമിതപ്പെടുത്താന്‍ വെമ്പുന്ന സങ്കുചിത താല്‍പ്പര്യക്കാരായ അമ്പലക്കാടന്മാരുടെ വാക്കുകള്‍ കേരള ജനത അവജ്ഞയോടെ തള്ളും. ഇത്തരം കുത്തിത്തിരിപ്പുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കെ സി വേണുഗോപാൽ
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടും, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളായി അവശേഷിക്കുന്നതിന്റെയും പിന്നോക്കവസ്ഥ വര്‍ദ്ധിക്കുന്നതിന്റെയും കാരണങ്ങള്‍ വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ വലിയതോതില്‍ വെട്ടിക്കുറയ്ക്കുകയാണ്. എന്നാല്‍, സംസ്ഥാന ബജറ്റില്‍ ഈ വിഹിതം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ഭൂരിപക്ഷ – ന്യൂനപക്ഷ വിഭാഗങ്ങളോടും, അവര്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളോടും ഒരുപോലെ നീതികാണിച്ചാകും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. നവകേരള സൃഷ്ടിയില്‍ ഏറ്റവും ഗൗരവമുള്ള വിഷയമായി പരിഗണിച്ചു കൊണ്ടു തന്നെ, ന്യൂനപക്ഷക്ഷേമവുമായി എല്‍ ഡി എഫ് ഗവണ്‍മെന്റ് മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here