പ്രശസ്ത സാഹിത്യകാരനും നാടകപ്രവര്‍ത്തകനുമായ പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.ദില്ലിയിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 100 വയസായിരുന്നു.
ദേശീയതലത്തില്‍ മലയാളത്തിന്‍റെ മഹിമ ഉയര്‍ത്തിപ്പിടിച്ച നാടകകാരനാണ് ഓംചെരി എന്‍ എന്‍ പിള്ള. സാമൂഹ്യ പ്രതിബദ്ധതയുള്ള നാടകങ്ങളിലൂടെ പ്രസിദ്ധനായ ഓംചേരി ദില്ലിയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മലയാള മുഖമായിരുന്നു. ദില്ലിയിലെ മലയാളത്തിന്‍റെ സംസ്കാരിക അംബാസിഡര്‍ കൂടിയായ നൂറ്റാണ്ടു ജീവിതമാണ് ഓംചേരിയുടേത്.
അമ്പതുകളുടെ ആദ്യം ദില്ലി ആകാശവാണിയിലൂടെയാണ് ഓംചേരി എന്‍എന്‍ പിള്ളയുടെ ശബ്ദം കേരളം കേള്‍ക്കുന്നത്. വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ള മകന്‍ നാരായണപിള്ള ദില്ലിയിലേക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ മലയാളസാഹിത്യത്തിനും നാടകത്തിനും ദില്ലിയില്‍ മറ്റൊരു സ്വാധീനമേഖല കൂടി ലഭിക്കുകയായിരുന്നു.
അമേരിക്കയിലെ പെൻസിൽ വേനിയ യൂണിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ ഉന്നത പഠനം നടത്തിയ ഓംചേരി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണ്ക്കേഷൻസിൽ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏകാങ്കനാടകങ്ങളുടെ സാധ്യതകള്‍ കണ്ടെത്തി സാമൂഹ്യ വിമര്‍ശനങ്ങളുടെ കുന്തമുനയാക്കിയത് ഓംചേരിയാണ്.
അറുപതുകളുടെ ആദ്യം ഓംചേരിയുടെ പരീക്ഷണനാടകങ്ങള്‍ ദില്ലിയിലെ മലയാള സാഹിത്യക്കൂട്ടായ്മകളിലെ നിറസാന്നിധ്യമായിരുന്നു. നടൻ മധു ഉള്‍പ്പെടെയുള്ളവരുടെ കളരിയായിരുന്നു ഓംചേരി നാടകങ്ങള്‍. സഖാവ് ഏ.കെ.ജിയുടെ പ്രേരണയിലാണ് ഓംചേരി ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന നാടകം രചിച്ചത്.
അന്ന് ആ നാടകത്തില്‍ അഭിനയിച്ചവരുടെ പേരുകള്‍ കേട്ടാല്‍ കേരള രാഷ്ട്രിയചരിത്രവും നാടക ചരിത്രവും നടുങ്ങും- കെ.സി.ജോർജ്ജ്, പി.ടി.പുന്നൂസ്, ഇ കെ ഇമ്പിച്ചി ബാവ, വി.പി.നായർ. ഓംചേരിയുടെ ‘ഉലകുട പേരുമാള്‍’ ഇന്നും പ്രസക്തമായ കാലത്തിന് മുമ്പേ പിറന്ന നാടകസൃഷ്ടിയാണ്.
നാടകീയ സന്ദര്‍ഭങ്ങള്‍ കുറിക്കുകൊള്ളുന്ന വിധം ചടുലവും സരസവും നര്‍മ്മ തീഷ്ണവുമായി സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമാണ്. സമകാലീന മനുഷ്യാവസ്ഥയും രാഷ്ട്രീയാവസ്ഥയും തുളുമ്പുന്നതായിരുന്നു ഓംചേരിയുടെ എല്ലാ നാടകങ്ങളും.
1972 ൽ അദ്ദേഹത്തിന്‍റെ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്ക്കാരവും ആകസ്മികം എന്ന് ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും സലഭിച്ചു.
2022ല്‍ സംസ്ഥാന സര്‍ക്കാര്‍ കേരള പ്രഭ പുരസ്കാരം നല്‍കിയും അദ്ദേഹത്തിനെ ആദരിച്ചു. ഓംചേരിയും ലീലാ ഓംചേരിയും ദീപ്തി ഓംചേരിയും ശ്രീപദ് ഓംചേരിയും അടങ്ങുന്ന കലാകുടുംബം ദില്ലിയിലെ കേരളത്തിന്‍റെ സാംസ്കാരിക മുഖമായിരുന്നു.
ഏഴു പതിറ്റാണ്ടു കാലത്തെ ആ സര്‍ഗ്ഗസപര്യയ്ക്കും സാംസ്കാരിക സംഘാടനത്തിനും തിരശ്ശീല വീഴുമ്പോള്‍ അവസാനിക്കുന്നത് ഓംചേരി എന്ന ഒരു ഇതിഹാസ നാടകമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here