വിദ്യാഭ്യാസം മൗലികാവകാശം ആണെന്നും ഇക്കാര്യം സാര്‍ത്ഥകമാക്കാന്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. ജയന്ധ്യാല ബി.ജി.തിലക്. പ്രഥമ കേരള സ്‌കൂള്‍ വിദ്യാഭ്യാസ കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ മേഖല മോശമാണെന്നും സ്വകാര്യ മേഖലയാണ് ഗുണനിലവാരം ഉള്ളതെന്നുമുള്ള ധാരണ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെങ്കില്‍ പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണം.
കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റ് വിഹിതം കൂട്ടണമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്താകമാനം വിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടുന്നുണ്ടെങ്കിലും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ അത്രകണ്ട് ഫലം കണ്ടിട്ടില്ല. വിദ്യാഭ്യാസ മേഖലയില്‍ വലിയ തോതില്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പണം ചെലവഴിച്ചാല്‍ മാത്രമേ ഇത് മാറ്റാനാകൂ. വിദ്യാഭ്യാസ മേഖലയില്‍ കേരളം ആവശ്യത്തിനു ഫണ്ട് ചെലവഴിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.
കേരള സ്‌കൂള്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തില്‍ പെഡഗോഗി ഇന്‍ സ്‌കൂള്‍ എജുക്കേഷന്‍, പേഴ്‌സ്‌പെക്ടീവ്‌സ് ഓണ്‍ ടീച്ചര്‍ എജുക്കേഷന്‍, ജെന്‍ഡര്‍ ജസ്റ്റിസ് ആന്‍ഡ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ , പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇന്നവേഷന്‍ അസസ്‌മെന്റ് പ്രാക്ടീസസ്, ഇന്‍ക്ലൂസീവ്‌നെസ്സ് ഇന്‍ സ്‌കൂള്‍ എജുക്കേഷന്‍ എന്നീ സെഷനുകള്‍ നടന്നു.
പ്രഥമ കേരള സ്‌കൂള്‍ വിദ്യാഭ്യാസ കോണ്‍ഗ്രസ് ഏപ്രില്‍ 3ന് സമാപിക്കും. രാവിലെ പത്തിന് ഫിന്‍ലാന്‍ഡ് പ്രതിനിധി ജോന്നാ കങ്കാസ് പ്രഭാഷണം നടത്തും. തുടര്‍ന്ന് കേരളവും ഫിന്‍ലാന്‍ഡും പ്രതിനിധികള്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കും. ഉച്ചക്കുശേഷം രണ്ടുമണിക്ക് സമാപന സമ്മേളനം ആരംഭിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here