ദില്ലി: പോക്സോ അടക്കം ലൈംഗികാതിക്രമ കേസിലെ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ രാജ്യാന്തര പിന്തുണ തേടുമെന്ന് ഗുസ്തി താരങ്ങൾ. രാജ്യാന്തര കായിക സംഘടനകളെയും ഒളിംപിക് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ളവരെയും സമീപിക്കും. സമരത്തിനു ജനപിന്തുണ തേടി താരങ്ങൾ തിങ്കളാഴ്ച വൈകിട്ട് ഡൽഹി കൊണാട്ട് പ്ലേസിലൂടെ കാൽനടയായി സഞ്ചരിച്ചു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും താരങ്ങൾക്കൊപ്പം ചേർന്നു.
സമരവേദിയായ ജന്തർ മന്തറിൽ നിന്നാരംഭിച്ച കാൽനടയാത്രയിൽ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളും ഇവർക്കു പിന്തുണയുമായെത്തിയ കർഷകരും അണിനിരന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നു മിസ്ഡ് കോൾ മുഖേന പിന്തുണ അറിയിക്കാൻ മൊബൈൽ നമ്പറും ക്രമീകരിച്ചിട്ടുണ്ട്.
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് താരങ്ങൾക്കു പിന്തുണയുമായി വീണ്ടും സമരവേദിയിലെത്തി. കഴിഞ്ഞ മാസം സമരം ആരംഭിച്ച ഘട്ടത്തിലും ഇദ്ദേഹം സമരത്തിൽ ഭാഗമായിരുന്നു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ 21ന് അകം നടപടിയുണ്ടായില്ലെങ്കിൽ സമരം അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുമെന്നു താരങ്ങൾ വീണ്ടും മുന്നറിയിപ്പു നൽകി.
അതേസമയം, സമരത്തെ പിന്തുണച്ച് മെയ് 18ന് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വിപി സാനു അറിയിച്ചിരുന്നു. വിവിധ വിദ്യാർഥി സംഘടനകൾ തൊഴിലാളി സംഘടനകൾ കർഷക സംഘടനകൾ, മഹിളാ സംഘടനകൾ എന്നിവയെല്ലാം പ്രക്ഷോഭത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here