ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യ ചങ്ങലക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ ജനകീയ ഗായിക പ്രസീത ചാലക്കുടിക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ഭീഷണിയില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിക്കുന്നു. കേരളത്തിന്റെ ഭാവിക്കുവേണ്ടിയുള്ള മഹത്തായ സമരത്തെ അനുകൂലിച്ചതിനാണ് നീചമായ സൈബര്‍ ആക്രമണങ്ങള്‍.
മലയാളത്തിന് അഭിമാനമായ ജനകീയ ഗായികയാണ് പ്രസീത ചാലക്കുടി. കേരള സംഗീത നാടക അക്കാദമിയിലും, കേരള സാഹിത്യ അക്കാദമിയിലും അംഗമാണ് ഈ പ്രശസ്ത ഗായിക. അടിസ്ഥാന ജനതയുടെ ദൈവാരാധനയുടെയും, വിശ്വാസപ്രകടനങ്ങളുടെയും ഭാഗമായുള്ള നാടന്‍ കലാ സംഗീതമാണ് അവര്‍ കേരളത്തിലും പുറത്തുമുള്ള വേദികളില്‍ അവതരിപ്പിച്ചു വരുന്നത്. ഇത് നമ്മുടെ ജനകീയ സംഗീത പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമാണ്.
ജീര്‍ണ്ണമായ സവര്‍ണ്ണ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാറിന് ഇത് ഉള്‍ക്കൊള്ളാനാവില്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന കലാകാരന്മാരെ അവര്‍ രാജ്യത്തുടനീളം വേട്ടയാടുന്നു. അതിന്റെ ഭാഗമാണ് പ്രസീത ചാലക്കുടിക്ക് നേരെയുള്ള സൈബര്‍ ആക്രമണം.
Also Read: കെ.വി.സജയിനെതിരെ സംഘപരിവാറിന്റെ വധഭീഷണിയില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം
വിശ്വാസിയായ ജനകീയ ഗായികക്കുള്ള വേദികള്‍ വിലക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടിയുള്ള മനുഷ്യരുടെ കൂടിച്ചേരലിനെ അവര്‍ ഭയക്കുന്നു.
പ്രസീത ചാലക്കുടിയോട് പുരോഗമന കലാസാഹിത്യ സംഘം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. ജനകീയ കലാകാരന്മാരെ വേട്ടയാടുന്ന സംഘപരിവാര്‍ നീക്കത്തിനെതിരെ സര്‍ഗാത്മക പ്രതികരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here