അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവം; രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തം

ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ദില്ലി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. കൂടുതല്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി സ്ത്രീകളടക്കം തെരുവിലിറങ്ങി.

നിരോധനാജ്ഞ ഏര്‍പ്പെടുത്തി ദില്ലി നഗരമാകെ സുരക്ഷാവലയം തീര്‍ത്തെങ്കിലും ആം ആദ്മി പ്രവര്‍ത്തകരുടെ രോക്ഷത്തെ തടുക്കാനായില്ല. ദില്ലി ഐടിഒയില്‍ എഎപിയുടെ ആസ്ഥാന മന്ദിരത്തില്‍ നിന്നും മന്ത്രിമാരായ അദിഷി മര്‍ലേനയുടെയും സൗരവ് ഭരദ്വാജിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധത്തിന് തുടക്കം. പ്രതിഷേധത്തെ അടച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസും കേന്ദ്രസേനയും മന്ത്രിമാരെ അറസ്റ്റ് ചെയ്തു. ദില്ലി വിദ്യാഭ്യാസ മന്ത്രി അദിഷി മര്‍ലേനയെ പൊലീസ് വലിച്ചിഴച്ചു.

റോഡില്‍ ഉപരോധിച്ച സ്ത്രീകളെയക്കം ബലംപ്രയോഗിച്ചും വലിച്ചിഴച്ചും പൊലീസ് വാഹനത്തിലേക്ക് കയറ്റി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ദില്ലി നഗരത്തിലേക്ക് പ്രതിഷേധമായി കൂട്ടമായി എത്തിയത്.

എഎപി ഭരിക്കുന്ന പഞ്ചാബില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഗോവയിലും കേരളത്തിലും അടക്കം രാജ്യവ്യാപക പ്രതിഷേധമാണുണ്ടായത്. ദില്ലിയില്‍ നിരോധനാജ്ഞയുടെ പേരില്‍ കണ്ണില്‍കണ്ടവരെയെല്ലാം അറസ്റ്റ് ചെയ്യുന്ന അരാജകത്വ നടപടിയാണ് പൊലീസും കേന്ദ്രസേനയും നടത്തിയത്.

അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റൗസ് അവന്യൂ കോടതിയില്‍ എത്തിച്ചു. കേസില്‍ ഇഡി പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അല്‍പസമത്തിനുള്ളില്‍ കേസ് പരിഗണിക്കും. കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യുന്നതും ആദ്യമായാണ്.

അരവിന്ദ് കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞു. കോടതിയിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. അതേസമയം, ഇ ഡി 10 ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. കോടതിയിൽ വാദം നടക്കവെയാണ് കെജ്‌രിവാളിന്റെ രക്തസമ്മർദം കുറഞ്ഞത്. നേരത്തെ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജി പിൻവലിച്ചിരുന്നു. ദില്ലി റൗസ് അവന്യു കോടതിയിൽ വാദം തുടരുകയാണ്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: ‘കെജ്‌രിവാളിനെതിരായ ഇഡി നടപടി ഇലക്ടറല്‍ ബോണ്ടിനെതിരായ ജനരോഷം ഭയന്ന്’; പ്രതിഷേധം രേഖപ്പെടുത്തി സിപിഐഎം പിബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News