പഞ്ചായത്തിന്റെ മാലിന്യകൂമ്പാരത്തിന് തീപിടിച്ച് ആദിവാസി വൃദ്ധൻ മരിച്ച സംഭവത്തിൽ പ്രതിഷേധം. ചുള്ളിയോട് ചന്തക്ക് സമീപം കൂട്ടിയിട്ട മാലിന്യത്തിനാണ് കഴിഞ്ഞ രാത്രി തീപിടിച്ചത്. അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് അഗ്നിബാധയിൽപ്പെട്ടത്. നെന്മേനി പഞ്ചായത്ത് ഓഫീസ് സി പി ഐ എം പ്രവർത്തകർ ഉപരോധിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചുള്ളിയോട് ചന്തക്ക് സമീപം അഗ്നിബാധയുണ്ടായത്. നെന്മേനി പഞ്ചായത്ത് ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ടിരിന്നു. തീ മാലിന്യകൂമ്പാരത്തിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. അരികിലുണ്ടായിരുന്ന ഷെഡിൽ ഉറങ്ങുകയായിരുന്ന ഭാസ്കരൻ അഗ്നിബാധക്കുള്ളിൽപ്പെടുകയായിരുന്നു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഫയർഫോഴ്സും സ്ഥലത്തെത്തി. ദീർഘനേരത്തെ ശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. മാലിന്യം സംസ്കരിക്കാതെ കൂട്ടിയിടുന്നതിനെതിരെ സ്ഥലത്ത് പ്രതിഷേധമുണ്ടായിരുന്നു.
സംഭവത്തിൽ പഞ്ചായത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്.സി പി ഐ എം രാവിലെ മുതൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. അനാസ്ഥകാരണം ഒരു ജീവൻ നഷ്ടപ്പെട്ടതിൽ പഞ്ചായത്തിനെതിരെ കേസെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ ആവശ്യപ്പെട്ടു. സംഭവത്തിൽ എ ഡി എം ബത്തേരിയിൽ വിളിച്ചു ചേർത്ത യോഗത്തിലുണ്ടായ തീരുമാനങ്ങൾ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്.മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനമൊരുക്കാൻ ജില്ലാ ഭരണകൂടം പഞ്ചായത്തിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here