മുനമ്പം ഭൂമിപ്രശ്നം: ‘സമുദായത്തെയും പാർട്ടിയെയും വഞ്ചിച്ചു’; എറണാകുളം മുസ്ലിം ലീഗ് ഓഫീസിനു മുന്നിൽ പ്രതിഷേധ പോസ്റ്ററുകൾ

kml poster

മുനമ്പം വിഷയം കത്തി നിൽക്കെ, മുസ്ലിം ലീഗ് ഓഫീസിനു മുന്നിൽ പോസ്റ്റർ പതിച്ച് പ്രതിഷേധം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാക്കെതിരെയാണ് പോസ്റ്റർ. എറണാകുളം ജില്ലാ കമ്മിറ്റി ലീഗ് ഓഫീസിന് മുൻപിലാണ് പോസ്റ്റർ പതിച്ചത്. വഖഫ് ഭൂമി വിഷയത്തിൽ സമുദായത്തെയും പാർട്ടിയെയും മുഹമ്മദ് ഷാ വഞ്ചിച്ചു എന്നാണ് പോസ്റ്ററിൽ പറയുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാർട്ടിയെ അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.

മുനമ്പം പ്രശ്നവും സമസ്ത തർക്കവും അടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കോഴിക്കോട് യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എറണാകുളം ജില്ലയിൽ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഷായെ ബഹിഷ്കരിക്കുക എന്നും പോസ്റ്ററിലുണ്ട്. ഇന്നലെ മുനമ്പം വിഷയത്തിൽ വിഡി സതീശനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു.

ALSO READ;മുനമ്പം വിഷയം, മുനവ്വറലി തങ്ങളെയും കെ എം ഷാജിയെ പിന്തുണച്ച് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ; വി ഡി സതീശന് വിമർശനം

ലീഗ് ഹൗസിന് മുൻപിലും നഗരത്തിലെ മറ്റിടങ്ങളിലും ബാഫഖി സ്റ്റഡി സർക്കിൾ എന്ന പേരിലായിരുന്നു പോസ്റ്ററുകൾ പതിച്ചിരുന്നത്. പോസ്റ്ററുകളിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ ‘മുനവ്വറലി തങ്ങളെ വിളിക്കൂ, ലീഗിനെ രക്ഷിക്കൂ’ എന്നും ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വിഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കണ’മെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മുനമ്പം ഭൂമി വിഷയത്തില്‍ ലീഗ് നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസം ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. കെഎം ഷാജി പ്രതിപക്ഷ നേതാവിനെ വരെ തിരുത്തി സംസാരിച്ച സാഹചര്യത്തിൽ ലീഗ് പരസ്യപ്രസ്താവന വിലക്കുകയും ചെയ്തിരുന്നു. സമസ്ത മുശാവറയിൽ നിന്ന് ഇന്നലെ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങി പോയ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News