പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളെ ഐപിൽ മത്സരം കാണാൻ അനുവദിച്ചില്ല; ബജ്‌റംഗ് പൂനിയ

അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ദില്ലി പൊലീസ് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി ബജ്‌റംഗ് പൂനിയ. ചെന്നൈ സൂപ്പർ കിംഗ്‌സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം കാണാനെത്തിയ ഗുസ്‌തി താരങ്ങൾ സ്‌റ്റേഡിയത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പൂനിയയുടെ നേതൃത്വത്തിൽ താരങ്ങൾ സ്‌റ്റേഡിയത്തിന് പുറത്ത് ഒത്തുകൂടി.

ഡൽഹി ക്യാപിറ്റൽസ്- ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരത്തിനുള്ള ടിക്കറ്റുകൾ ഗുസ്‌തി താരങ്ങൾ വാങ്ങിയിരുന്നതായി ബജ്‌റംഗ് പൂനിയ പറഞ്ഞു. എന്നിട്ടും അവരെ സ്‌റ്റേഡിയത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നു, ഞങ്ങൾ മത്സരം കാണാൻ പോകുകയായിരുന്നു, പക്ഷേ പൊലീസ് ഞങ്ങളെ തടഞ്ഞു, എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു.

സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ഉൾപ്പെടെയുള്ള മറ്റ് ഗുസ്‌തി താരങ്ങളും പൂനിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാതിക്രമം ആരോപിച്ചാണ് ഇവർ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നത്.

ഗുസ്‌തി താരങ്ങളുടെ അവകാശവാദങ്ങളോട് പ്രതികരിച്ച ദില്ലി പൊലീസ് അവർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ടിക്കറ്റുള്ള ആർക്കും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും പറഞ്ഞു. “സാധുതയുള്ള ടിക്കറ്റോ പാസോ കൈയ്യിലുള്ളവരെ തടഞ്ഞിട്ടില്ല. എല്ലാവർക്കും അവരുടെ നിയുക്ത ഗേറ്റുകളിലൂടെ പ്രവേശനം നൽകി” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, 10 മുതൽ 12 വരെ ഗുസ്‌തി താരങ്ങളും മറ്റുള്ളവരും മത്സരം കാണാൻ സ്‌റ്റേഡിയത്തിൽ എത്തിയിരുന്നുവെന്നും ഇവരിൽ അഞ്ച് പേർക്ക് മാത്രമാണ് ടിക്കറ്റ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. “ടിക്കറ്റുകളോ പാസോ ഇല്ലാത്തവരെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല” ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു വലിയ തീരുമാനം ഞായറാഴ്‌ച (മെയ് 21) എടുക്കുമെന്ന് ഗുസ്‌തി താരങ്ങൾ മുന്നറിയിപ്പ് നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി കർഷകരുടെ യോഗത്തിന് മുന്നോടിയായി ജന്തർ മന്തറിലും ദില്ലി അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News