ഏറ്റുമുട്ടലിന് ശമനമില്ലാതെ സുഡാൻ, രക്തക്കളമായി ആഫ്രിക്കൻ രാജ്യം

സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവില്ല. ഇതുവരെ 80 പേരോളം കൊല്ലപ്പെട്ടതായാണ് സൂചന. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

സുഡാനിൽ അധികാരം പിടിക്കാനായി അബ്ദുൽ ഫത്താ ബുർഹാനും മുഹമ്മദ് ഹമദാൻ ദഗാലോയും തമ്മിൽ നടക്കുന്ന തർക്കമാണ് മിലിട്ടറിയും പാരാമിലിറ്ററിയും തമ്മിലുള്ള തർക്കമായി വികസിച്ചിട്ടുള്ളത്. ഒമർ അൽ ബഷീർ സർക്കാരിനെ 2019ൽ പട്ടാള അട്ടിമറിയിലൂടെ തോൽപ്പിക്കാൻ കൂട്ടുനിന്നവർ ഇപ്പോൾ അതേ അധികാരത്തിനായി തെരുവിൽ അനുയായികളെ കൊണ്ട് ഏറ്റുമുട്ടുകയാണ്. താൽക്കാലിക സർക്കാരിനെ നയിക്കുന്ന ബുർഹാനെ താഴെയിറക്കാനാണ് നേരത്തെ കൂട്ടുകക്ഷിയായിരുന്ന ദഗാലോയുടെ നീക്കം.

ഖാർത്തൂം, ഓംദുർമാൻ, ദാർഫർ എന്നീ നഗരങ്ങൾക്കൊപ്പം മിറോ വിമാനത്താവളം പിടിച്ചെടുത്തതായാണ് ദഗാലോയുടെ കീഴിലുള്ള റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ വാദം. എന്നാൽ വിമാനത്താവളം തിരികെ പിടിച്ചതായാണ് സൈന്യത്തിൻറെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ ഇടപെടലിൽ മനുഷ്യ ഇടനാഴി നിർമ്മിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായി കുറച്ചുനേരത്തേക്ക് വെടിനിർത്തൽ ഉണ്ടായതൊഴിച്ചാൽ ചോരക്കളമായി തുടരുക തന്നെയാണ് സുഡാനിയൻ തലസ്ഥാന നഗരമായ ഖാർത്തൂം. പരിക്കേറ്റവരെ ചികിത്സിക്കുന്ന സുഡാനിലെ സർക്കാർ ഡോക്ടർമാർക്ക് ആവശ്യമായ ഉപകരണങ്ങളും ബ്ലഡ് ബാഗുകളും ലഭിക്കുന്നില്ല എന്ന സാഹചര്യവും പ്രതിസന്ധി കടുപ്പിക്കുന്നുണ്ട്.

മലയാളിയായ ആൽബർട്ട് അഗസ്റ്റിൻ അടക്കം കൊല്ലപ്പെട്ട സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സുഡാനിലുള്ള ഇന്ത്യക്കാർ ആരും വീടുകളിൽ നിന്നോ ഫ്ലാറ്റുകളിൽ നിന്നോ പുറത്തിറങ്ങരുത് എന്നാണ് എംബസി നൽകുന്ന നിർദ്ദേശം. മറ്റു രാജ്യങ്ങളിലെ പൗരന്മാരും ഭീതിയുടെ തടവറയിൽ സുഡാനിൽ തന്നെ തുടരുകയാണ്. സ്ഥിരമായ മനുഷ്യ ഇടനാഴിക്കായുള്ള ചർച്ചകൾ തുടരുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News