ഇന്ത്യന്‍ പനോരമയില്‍ സവര്‍ക്കര്‍ സിനിമയെ ഉദ്ഘാടന ചിത്രമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

SAVARKAR

ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ പനോരമയില്‍ സവര്‍ക്കര്‍ സിനിമയെ ഉദ്ഘാടന ചിത്രമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ പനോരമയില്‍ സംഘപരിവാര്‍ സ്വഭാവമുള്ള സിനിമകള്‍ തിരുകിക്കയറ്റാറുള്ളതാണെങ്കിലും ആദ്യമായാണ് ഒരു സംഘപരിവാര്‍ ചിത്രം ഉദ്ഘാടന ചിത്രമാക്കുന്നത്. ക‍ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പുറത്തിറങ്ങിയ സവര്‍ക്കര്‍ ചിത്രത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യം നവംബറിലെ ഗോവ മേള മാത്രമല്ല നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കൂടിയാണ്.

2004 മുതലാണ്  ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള‍ ഗോവയിലെ മണ്ഡോവി നദീ തീരത്ത് നങ്കൂരമിട്ടത്. 1952ല്‍ ജവഹര്‍ലാല്‍ നെഹ്രു ഏഷ്യയുടെ തന്നെ ആദ്യത്തെ ചലച്ചിത്രമേളയ്ക്ക് തിരികൊളുത്തിയത് ഇന്ത്യ എന്ന വിശാലമായ ആശയം ഉയര്ത്തിപ്പിടിച്ചുകൊണ്ടാണ്. ലോകമേളയ്ക്കൊപ്പം ഇന്ത്യന്‍ സിനിമകളുടെ പരിച്ഛേദമായ ഇന്ത്യന്‍ പനോരമ എന്ന പാക്കേജ്  അങ്ങനെയുണ്ടായതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇന്ത്യന്‍ പനോരമയെ ഹിന്ദിമേളയാക്കിയെങ്കിലും ഇന്നത് ഹിന്ദുത്വ ചിത്രങ്ങ‍ളുടെ മേളയായിരിക്കുന്നു. പ‍ഴയ സോവിയറ്റ് ബ്ളോക്കിനെ അധിക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ മതവാദ ചിത്രങ്ങള്‍ കുത്തിനിറക്കാറുള്ള മേളയില്‍ ഇന്ന് പേരിനുമാത്രമാണ് നല്ല സിനിമകളുടെ പ്രാതിനിധ്യം.

ALSO READ; കശ്മീരിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി എ എഫ് എഫ്

സംഘപരിവാര്‍ രാഷ്ട്രീയം പിന്‍പറ്റുന്നവരുടെയോ ആ പ്രത്യയശാസ്ത്രം പ്രമേയമായ ചിത്രങ്ങളോ കൊണ്ട് ഒരു പതിറ്റാണ്ടുകാലത്തെ ബിജെപി ഭരണം ഗോവമേളയെ കാവി മേളയാക്കി. 2022ല്‍ കശ്മീർ ഫയൽസ് മേളയിൽ ഉൾപ്പെടുത്തിയതിനെതിരെ വേദിയില്‍ വെച്ചുതന്നെ പരസ്യമായി രംഗത്തു വന്നത് ജൂറി ചെയർമാൻ ഇസ്രയേലുകാരനായ നാദവ് ലാപിഡാണ്. അതില്‍ ലജ്ജയില്ലാത്തവര്‍  2023ലെ പനോരമയിലെത്തിച്ചത് ദി കേരള സ്റ്റോറി. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ
അവഹേളിക്കുന്ന ആ സിനിമ ഒരു സിനിമയെന്നുപോലും വിളിക്കാനാവാത്തൊരു ദൃശ്യപിണ്ഡം മാത്രമായിരുന്നു.

2024 എത്തുമ്പോള്‍ ആര്‍എസ്എസ് പരമാചാര്യന്‍റെ തന്നെ ജീവചരിത്രമായിരിക്കുന്നു ഉദ്ഘാടന ചിത്രം.
മേളയുടെ മതനിരപേക്ഷ സംസ്കാരത്തെയും ആസ്വാദന സംസ്കാരത്തെ ആകെയും അവഹേളിക്കുകയാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം.‍പാര്‍ലെമെന്‍റില്‍ രാഷ്ട്രപിതാവിന്‍റെ ചിത്രത്തിന് അഭിമുഖമായിതന്നെ അദ്ദേഹത്തെ വധിച്ച കേസിലെ പ്രതിയായ സവര്‍ക്കറെ പ്രതിഷ്ഠിച്ചവരില്‍ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട നേതാവിനെ വീരനാക്കുക മാത്രമല്ല ഭഗത്സിംഗിനു വരെ തുല്യനാക്കിയാണ് രണ്‍ദീപ് ഗുഡ സ്വതന്ത്ര വീർ സവർക്കറില്‍ അവതരിപ്പിക്കുന്നത്. ക‍ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തീയറ്ററില്‍ ഈ സിനിമയെ ജനങ്ങള്‍ തോല്‍പ്പിച്ചെങ്കിലും വേറൊരു തെരഞ്ഞെടുപ്പുകാലം ലക്ഷ്യമാക്കി ഗോവയിലൂടെ പുനരവതരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News