പിഎസ് സി ചോദ്യപേപ്പർ തലേദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം തെറ്റായി കാണപ്പെട്ടത് ഗൂഗിളിന്റെ ഭാഗത്തു നിന്നുണ്ടായ സാങ്കേതിക തകരാറാണെന്നും തെറ്റായ വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിഎസ് സി അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന വയനാട്, എറണാകുളം ജില്ലകളിലേക്കുള്ള ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും പരീക്ഷയുടെ തലേദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്നതാണ് കേരളകൗമുദിയുടെ ഒന്നാം പേജിൽ നൽകിയ വാർത്ത. ഇതിന് പിന്നാലെയാണ് വാർത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നറിയിച്ച് പബ്ലിക് സർവീസ് കമ്മീഷൻ രംഗത്തെത്തിയത്.
ALSO READ: എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; പ്രതികൾ മോഷണം നടത്തിയത് നാല് വർഷക്കാലയളവിൽ
പരീക്ഷ കഴിഞ്ഞാൽ ചോദ്യപേപ്പറും താൽക്കാലിക ഉത്തരസൂചികയും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഇത് തന്നെയാണ് കഴിഞ്ഞദിവസം നടന്ന പരീക്ഷയിലും സംഭവിച്ചത്. എന്നാൽ, ഗൂഗിൾ സെർച്ച് ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം തെറ്റായി കാണപ്പെട്ടതാണ് വാർദ്ധിച്ച് കാരണമായത്. ഇത് സംബന്ധിച്ച് കമ്മീഷന്റെ സാങ്കേതിക വിഭാഗം പരിശോധന നടത്തിയിരുന്നു. ഗൂഗിളിന്റെ സെർച്ച് കാണുന്ന ടൈം സ്റ്റാമ്പിൽ കൃത്യതയില്ലാതെ വരുമെന്നും ഇത് കാരണം പ്രസിദ്ധീകരിച്ച തീയതിയിൽ മാറ്റം സംഭവിക്കാം എന്നും മുൻപ് തന്നെ ഗൂഗിൾ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസത്തെ പരീക്ഷയുടെ ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം മാറിയത്.
ഈ വിഷയവും നിലവിൽ ഗൂഗിളിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ആർക്കും ലഭ്യമാണെന്നിരിക്കെയാണ് പ്രാഥമിക പരിശോധന പോലും നടത്താതെ വസ്തുതാ വിരുദ്ധ വാർത്ത പത്രം നൽകിയത്. ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഗൗരവതരമായ ഈ വിഷയത്തിൽ തെറ്റായ വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here