സ്പാനിഷ് ക്ലബായ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിഎസ്ജി നിലനിര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മെസി വീണ്ടും പിഎസ്ജിക്കൊപ്പം പരിശീലനം തുടരാന്‍ ചേരുമെന്ന് ക്ലബ് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു.
ഒരു അന്തര്‍ദേശീയ മാധ്യമം മെസിയെ നിലനിര്‍ത്തും എന്ന വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപകാലത്ത് ടീം തുടരുന്ന മോശം പ്രകടനത്തിനു പിന്നാലെയും മെസിയെ നിലനിര്‍ത്താനാണ് മാനേജ്മെന്റ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും മികച്ച ഓഫറാണ് ടീം മുന്നോട്ടുവച്ചതെന്നാണ് വിവരം. ഇതോടൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് മികച്ചൊരു ടീമിനെ സജ്ജമാക്കുമെന്ന് താരത്തിന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണിന്റെ അവസാനത്തോടെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിച്ച് മെസി ഫ്രീ ഏജന്റാകാനിരിക്കെയാണ് താരത്തിന്റെ പുതിയ തട്ടകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.
സൗദി സന്ദര്‍ശനത്തിന് പിഎസ്ജി നല്‍കിയ സസ്പെന്‍ഷനു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് മെസി രംഗത്തെത്തിയിരുന്നു. സൗദിയാത്ര മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ താരം വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here