ഗുസ്തി താരങ്ങളെ കാണാൻ പിടി ഉഷ ജന്തർമന്തറിൽ എത്തി; വാഹനം തടഞ്ഞ് പ്രതിഷേധം

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ കാണാൻ സമരപ്പന്തലിലെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയുടെ വാഹനം തടഞ്ഞു. ​ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ താരങ്ങളെ കാണാൻ ജന്തർമന്തറിലെ സമരപന്തലിൽ എത്തിയത്.ഗുസ്തി താരങ്ങൾക്ക് എതിരായി പിടി ഉഷ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞത്.സമരം ചെയ്യുന്ന താരങ്ങളെ സന്ദർശിക്കാൻ എന്തുകൊണ്ട് പിടി ഉഷ വൈകി എന്നും വാഹനം തടഞ്ഞ് പ്രതിഷേധിച്ചയാൾ ചോദിച്ചു. പിന്നീട് ഇയാളെ സുരക്ഷാഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു.

നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമർശം. ഇത് വിവാദമായിരുന്നു. അതേസമയം, ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ രാജിവെക്കണമെന്ന ആവശ്യവുമായി ഗുസ്തിതാരങ്ങളുടെ സമരം പതിനൊന്നാം ദിനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധിയാളുകൾ ഗുസ്തി താരങ്ങളെ സമീപിച്ചിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.

എന്നാൽ വനിതാ ഗുസ്തി താരങ്ങളുടെ വേദന മനസ്സിലാക്കുന്നുവെന്ന് മനേകാ ഗാന്ധി സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് പറഞ്ഞു. കേസിൽ ബ്രിജ് ഭൂഷണെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ബ്രിജ് ഭൂഷണെതിരെ കേസ് എടുത്തിട്ട് നാല് ദിവസമായി.

തെളിവുകൾ ശേഖരിച്ച ശേഷം ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യും എന്നതാണ് കേസിൽ പൊലീസ് നിലപാട്. താരങ്ങൾ ഇന്ന് പൊലീസിന് മൊഴി നൽകിയേക്കും. പാർട്ടി പറയുകയാണെങ്കിൽ പദവികൾ ഒഴിയാം എന്നതാണ് ബ്രിജ് ഭൂഷണിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News