മുഖ്യമന്ത്രിയടക്കമുള്ള മലയാളി സമൂഹത്തെ തെരുവിലിറങ്ങി അത്യന്തം മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുകയും വിദ്യാര്‍ഥികളെ തെമ്മാടിക്കൂട്ടമെന്ന് തെറി വിളിക്കുകയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം രാഷ്ട്രീയ പ്രബുദ്ധരായ കേരളീയരോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ആത്മാഭിമാന ബോധമുള്ള ജനം യഥാവിധി പ്രതികരിക്കേണ്ടതുണ്ടെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറല്‍ ക്രമത്തിന്റെ കടക്ക് കത്തിവെച്ചാണ് ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ ഇമ്മട്ടില്‍ അമാന്യമായും സംസ്‌കാരശൂന്യമായും നടുറോഡില്‍ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടതും സി.ആര്‍.പി.എഫിന്റെ സുരക്ഷയില്‍ മറ്റേത് ആര്‍.എസ്.എസുകാരനെയും പോലെ സ്വയം രക്ഷാകവചം തീര്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതും. ഇതു കണ്ട് പേടിക്കുന്നവരല്ല സംസ്ഥാനം ഭരിക്കുന്നവരും ഇവിടുത്തെ ജനങ്ങളും. ആരിഫ് ഖാന് ഇനിയും ഇത് മനസ്സിലായിട്ടില്ലെങ്കില്‍ ജനം അത് മനസ്സിലാക്കിക്കൊടുക്കുന്ന കാലം വിദൂരമല്ല.
Also Read: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദ പോലും കാണിക്കാത്ത ആരിഫ് ഖാന്റെ മാടമ്പിത്തരത്തിനു മുന്നില്‍ മൗനം ദീക്ഷിക്കുന്ന പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്കും കുനിഷ്ട് ബുദ്ധിയും ജനം തിരിച്ചറിയുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ അന്തസ്സും പ്രതിച്ഛായയും തകര്‍ക്കാന്‍ ഒരുമ്പെട്ടിറിങ്ങിയ ഈ മനുഷ്യനെ തള്ളിപ്പറയാന്‍ തയാറാവാത്ത പ്രതിപക്ഷത്തോടുള്ള രോഷം അവസരം വരുമ്പോള്‍ ജനം ഉചിതമായ രീതിയില്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here