2021മുതല്‍ മിക്‌സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് 53 സ്‌കൂളുകള്‍ക്ക്: മന്ത്രി വി ശിവന്‍കുട്ടി

2021 മുതല്‍ മിക്‌സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് 53 സ്‌കൂളുകള്‍ക്കാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതില്‍ 26 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകള്‍ ആണ്. 27 എണ്ണം എയിഡഡ് സ്‌കൂളുകളുമാണ്.

സംസ്ഥാനത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായും, പെണ്‍കുട്ടികള്‍ക്ക് മാത്രമായും എല്‍പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ നിരവധി സ്‌ക്കൂളുകള്‍ നിലവിലുണ്ട്. ഇവയില്‍ പലതും മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാരില്‍ ലഭിക്കുന്നുണ്ട്.

ലിംഗസമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുക എന്നിവ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ആയതിനാല്‍ ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നതിനു അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തില്‍ പ്രസ്തുത അപേക്ഷകള്‍ പരിശോധിച്ചു തീരുമാനം എടുക്കുന്നതിനു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു.

സ്‌കൂളില്‍ കെ.ഇ.ആര്‍ വ്യവസ്ഥകള്‍ പ്രകാരം മതിയായ എണ്ണം ക്‌ളാസ് റൂമുകള്‍ ഫര്‍ണിച്ചര്‍ സൗകര്യങ്ങള്‍, കുടിവെള്ളം തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടായിരിക്കണം, മതിയായ സുരക്ഷിതത്വം നല്‍കുന്ന രീതിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായ ടോയ്ലറ്റ് സൗകര്യം ലഭ്യമായിരിക്കണം, അധിക വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം സ്‌കൂളിന് മതിയായ കളിസ്ഥലം ഉണ്ടായിരിക്കണം, സര്‍ക്കാര്‍ സ്‌കൂളുകളെ സംബന്ധിച്ച് പിടിഎയുടെ അപേക്ഷ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ശിപാര്‍ശ എന്നിവ ഉണ്ടായിരിക്കണം. സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം, മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ക്കു പുറമേ എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ മാനേജരുടെ അപേക്ഷയും ഉണ്ടായിരിക്കണം, മിക്‌സഡ് ആക്കുന്നത് സംബന്ധിച്ചുള്ള എല്ലാ ശിപാര്‍ശയും പൊതുവിദ്യാഭ്യാസഡയറക്ടര്‍ മുഖാന്തിരമാണ് സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം പ്രസ്തുത സ്‌കൂളിന്റെ 3 കി.മീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ (കുട്ടികളുടെ/അധ്യാപകരുടെ/മറ്റു സ്റ്റാഫുകളുടെ എണ്ണം, സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ -എയ്ഡഡ് സ്‌കൂളുകളുടെ വിശദവിവരം, സംരക്ഷിത അധ്യാപകരുടെ വിശദവിവരം) എന്നിവയും ലഭ്യമാക്കേണ്ടതാണ് തുടങ്ങിയവയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News