മലയാളത്തിൻ്റെ പ്രിയങ്കരനായ എഴുത്തുകാരൻ എം ടി. വാസുദേവൻ നായരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. ലോകത്തിനു മുന്നിൽ മലയാളിക്ക് അഭിമാനിക്കാവുന്ന രചനകളാണ് എം.ടി. വാസുദേവൻ നായർ നൽകിയത്. എം.ടി യുടെ നോവലുകളും കഥകളും നാടകങ്ങളും തിരക്കഥകളും മലയാള സാഹിത്യചരിത്രത്തിലെ അമൂല്യ ഈടുവെപ്പുകളായി. ജീവിതത്തെ അതീവലാളിത്യത്തോടെയും, അതിൻ്റെ ഉയരവും ആഴവും മഹാഗാംഭീര്യത്തോടെയും എം.ടി ആവിഷ്കരിച്ചു.
കൂടല്ലൂർ ദേശവും, കഥാപാത്രങ്ങളും മലയാളി വായനക്കാർക്ക് പ്രിയപ്പെട്ടവരായി. തനിക്ക് ചുറ്റും ജീവിച്ച സാധാരണ മനുഷ്യരുടെ സ്നേഹവും, സ്നേഹരാഹിത്യവും, മഹാസങ്കടങ്ങളും, കുറ്റബോധവും, സംഘർഷവും,മനസ്സിൻ്റെ പിടച്ചിലും കുഞ്ഞുകുഞ്ഞു ആഹ്ളാദങ്ങളും എം ടി യുടെ എഴുത്തിൽ ലോകത്തോളം വളരുന്ന ജീവിത സന്ദർഭങ്ങളായി. കൂടല്ലൂർ, കൂടല്ലൂരിൽ നിന്ന് ലോകമായി വളർന്നു. കുട്ട്യേടത്തിയും, ഇരുട്ടിൻ്റെ ആത്മാവും, നിർമ്മാല്യവും, കാലവും, നാലുകെട്ടും, അസുരവിത്തും, ഷെർലക്കും, രണ്ടാമൂഴവും തുടങ്ങിയ രചനകളെല്ലാം മലയാളിക്ക് അടർത്തി മാറ്റാനാവാത്ത അവരുടെ ജീവിതത്തിൻ്റെതന്നെ ഭാഗമായി. മനുഷ്യജീവിതത്തിലെ ചെറിയ ചെറിയ ഭൂകമ്പങ്ങളുടെ കാരണമന്വേഷിക്കുകയായിരുന്നു എഴുത്തിൽ എം ടി. കഥയിലും , നോവലിലും, ചലചിത്രത്തിലും, നാടകത്തിലും, നാനാതരംഎഴുത്തുകളിലും, പത്രാധിപ കുറിപ്പുകളിലും എം ടി യുടെ കയ്യൊപ്പ് മലയാളിയുടെ കലാസാഹിത്യ ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളാണ്. പത്രാധിപരെന്ന നിലയിൽ തൻ്റെ കാലത്തെ മികച്ച എഴുത്തുകാരെ എം ടി മലയാളത്തിന് വേണ്ടി കണ്ടെത്തി.
ജ്ഞാനപീഠവും പത്മഭൂഷനും വയലാർ അവാർഡും, ദേശാഭിമാനി പുരസ്കാരവും അടക്കം എഴുത്തുകാരന് നൽകാവുന്ന എല്ലാവിധ ഗാംഭീര്യവും സ്നേഹവും നിറഞ്ഞ ആദരവുകൾ ലോകം അദ്ദേഹത്തിന് നൽകി. ലോകത്തെവിടെയും പിറന്നു വീഴുന്ന മികച്ച എഴുത്തുകൾ എം ടി മലയാളിക്ക് ചൂണ്ടി കാണിച്ചു കൊടുത്തു. വായനക്കാരൻ എന്ന പദവി ചെറിയ ഒന്നല്ല എന്ന് എം ടി നമ്മളോട് പറഞ്ഞു.
also read: ‘എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടി
അപാരമായ മനുഷ്യസ്നേഹത്തിൻ്റെ തലങ്ങൾ എംടി യുടെ എഴുത്തിൽ പൂപോലെ വിരിഞ്ഞു നിന്നു. സ്നേഹമായിരുന്നു എം ടിയുടെ രാഷ്ടീയം. മലയാളിയുടെ അഭിമാനമായ എം ടി വാസുദേവൻ നായർക്ക് പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ ആദരാഞ്ജലികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here