ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങല: പങ്കെടുക്കാനഭ്യർത്ഥിച്ച് പുകാസ സംസ്ഥാന കമ്മിറ്റി

ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാനഭ്യർത്ഥിച്ചുള്ള പ്രസ്താവന പുറത്തുവിട്ട് പുകാസ സംസ്ഥാന കമ്മിറ്റി. കേന്ദ്രസർക്കാർ സംസ്ഥാനത്തോടു കാണിക്കുന്ന അനീതിക്കെതിരെ ജനുവരി 20ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ എഴുത്തുകാരും, കലാകാരന്മാരും, സാംസ്കാരികപ്രവർത്തകരും പങ്കാളികളാകണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

കേരളത്തിന്റെ പുരോഗതിയെയും, മാനവികതയെയും തകർക്കാനുള്ള സംഘപരിവാർ ഗൂഡാലോചനയിലാണ് ബി.ജെ.പി.സർക്കാർ ഏർപ്പെട്ടിട്ടുള്ളത്. മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന കേരളം ഹിന്ദു മതരാഷ്ട്രവാദ രാഷ്ട്രീയത്തിന് ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അതിൻ്റെ പ്രതികാരമാണ് സംസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ ശ്രമം.

Also Read: കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐഎസ്ഓ അംഗീകാരം

കേന്ദ്രസർക്കാരിൻ്റെ നികുതി / നികുതിയേതര വരുമാനത്തിലെ വലിയ പങ്കു നൽകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ന്യായമായ വിഹിതം ഇവിടേക്ക് തിരിച്ചു ലഭിക്കുന്നില്ല. റോഡ്, റെയിൽവേ തുടങ്ങി എല്ലാ മേഖലകളിലും കേരളം കടുത്ത അവഗണന അനുഭവിക്കുന്നു. ചരിത്രത്തിലെ വാഗൺ ട്രാജഡിയെ ഓർമ്മിപ്പിക്കുന്ന വിധമാണ് മലയാളികൾ തീവണ്ടിയാത്ര ചെയ്യുന്നത്. മറ്റൊരു റെയിൽ മാർഗ്ഗത്തിനു (കെ.റെയിൽ) വേണ്ടിയുള്ള സംസ്ഥാനത്തിൻ്റെ നിർദ്ദേശം കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുന്നു. ഭീമമായതുകയാണ് ദേശീയ പാത നിർമ്മാണത്തിന് വേണ്ടി സംസ്ഥാനത്തിന് ചെലവഴിക്കേണ്ടി വന്നത്. അതു കൂടാതെ ഗവർണ്ണറെ ഉപയോഗിച്ച് നിയമസഭ പാസ്സാക്കുന്ന നിയമനിർമ്മാണങ്ങളെ നിരന്തരം തടസ്സപ്പെടുത്തുന്നു.

“ഇനിയും നമ്മൾ സഹിക്കണോ?” എന്നാണ് യുവാക്കൾ ചോദിക്കുന്നത്. അവരുടെ ഭാവിജീവിതമാണ് കേന്ദ്രസർക്കാർ രാഷ്ട്രീയ വിരോധം വെച്ച് ദുരിതമയമാക്കുന്നത്. അവരുടെ പ്രക്ഷോഭത്തിൽ പങ്കുചേരാൻ എല്ലാ കേരളീയർക്കും ഉത്തരവാദിത്വമുണ്ട്.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ്; സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചു വിടാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

കേരളം എന്നത് ഒരു സംസ്ഥാനത്തിൻ്റെ പേരു മാത്രമല്ല. ഒരു ബദൽ ജനാധിപത്യ സംസ്കാരമാണ്. കീഴടങ്ങാനാവാത്ത ഇച്ഛാശക്തിയുടെ കരുത്താണത്. ഇന്ത്യക്കും ലോകത്തിനു തന്നെയും മാതൃകയായ നിരവധി പരിവർത്തനങ്ങളുടേയും പരിഷ്ക്കാരങ്ങളുടേയും മണ്ണ്. കേരളത്തിൻ്റെ ആത്മഗൗരവം ശക്തമായി തന്നെ നമ്മൾ പ്രകടിപ്പിക്കണം.

കേരളത്തിന്റെ നന്മ നിറഞ്ഞ ഭാവിക്കുവേണ്ടിയുള്ള മുന്നേറ്റമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല മാറും. സകല മനുഷ്യസ്നേഹികളും ചങ്ങലയിൽ കൈകോർക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News