തൃശ്ശൂർ നഗരത്തിൽ പുലികളിറങ്ങാൻ ഇനി ഒരു ദിനം മാത്രം ബാക്കി . ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശ്ശൂർ നഗരത്തെ ആവേശത്തിലാക്കുന്ന പുലികളി നാളെ വൈകുന്നേരം സ്വരാജ് ഗ്രൗണ്ടിലിറങ്ങും. 7 ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘവും ഫ്ലോട്ടുകളും താളമേളങ്ങളുമാണ് ഇക്കുറി തൃശ്ശൂർ നഗരത്തെ ഉത്സവ തിമിർപ്പിലാക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തൻ്റെ തട്ടകത്തിൽ വരയൻ പുലികളും പുള്ളി പുലികളും അരങ്ങ് വാഴും. ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചാണ് സാംസ്കാരിക നഗരത്തിന് ആവേശവും ആനന്ദവും പകർന്ന് പുലികളി നടക്കുന്നത്. ഇക്കുറി 7 ദേശങ്ങളിൽ നിന്നുള്ള പുലികളി സംഘങ്ങൾ വടക്കുന്നാഥൻ്റെ മുന്നിലെ സ്വരാജ് റൗണ്ട് കൈയ്യടക്കും. ഓരോ സംഘത്തിലും 30 മുതൽ 50 വരെ പുലികൾ ഉണ്ടാകും.
ഇതിന് പുറമെ ഒരു നിശ്ചല ദൃശ്യം ഉൾപ്പെടുന്ന വാഹനം, പുലികളുടെ വാഹനം,താളമേളങ്ങൾ എന്നിവയും ഓരോ സംഘത്തിലും അനുവദിച്ചിട്ടുണ്ട്. ഓരോ വർഷവും വ്യത്യസ്തത തീർത്താണ് വിവിധ ദേശങ്ങളിൽ നിന്ന് പുലികൾ സംഘങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കാനായി എത്തുന്നത്. പുലികളെ കാണാൻ വൻ ജനാവലി ആകും ഇത്തവണയും തിരുവോണം കഴിഞ്ഞുള്ള നാലാം ഓണദിനമായ ബുധനാഴ്ച ശക്തൻ്റ മണ്ണിലേക്ക് എത്തിച്ചേരുക. പുലികളിക്ക് മുന്നോടിയായുള്ള ഓരോ ദേശത്തിൻ്റെയും ചമയ പ്രദർശനവും തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ മുതൽ പുലികൾക്ക് നിറങ്ങൾ പകരുന്ന പെയിൻ്റിംഗിന് തുടക്കമാകും.
ALSO READ : ഒരു യാത്ര പോയാലോ വയനാടിലേക്ക്, ചുരം കയറി കോടമഞ്ഞ് നുകർന്ന് ഒരു ചായ കുടിക്കാം
അതേസമയം ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശ്ശൂരിൽ മാത്രം നടക്കാറുള്ള കുമ്മാട്ടികളി വിവിധ ദേശങ്ങളിലും കരകളിലും നടന്നു. ആവേശം ഒട്ടും ചോരാതെയായിരുന്നു കുമ്മാട്ടികളി. കുമ്മാട്ടി കളിയും പുലികളിയും കഴിഞ്ഞാൽ തൃശ്ശൂർ നഗരത്തെ ഉൽസവ തിമിർപ്പിലാക്കിയ ഓണാ ആഘോഷത്തിനും തിരശീല വീഴും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here