പൊലീസ് കസ്റ്റഡിയിലിരിക്കെ ചാനലുകൾക്ക് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയി അഭിമുഖം നൽകിയ സംഭവത്തിൽ നടപടിയെടുത്ത് പഞ്ചാബ് സർക്കാർ. സംഭവത്തിൽ പഞ്ചാബ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു കൊണ്ടാണ് നടപടിയെടുത്തത്. ഡിഎസ്പി ഗുർഷേർ സിങ്ങ് സന്ധുവിനെയാണ് സർക്കാർ പിരിച്ചുവിടാൻ ഉത്തരവിട്ടത്.
പൊലീസ് കസ്റ്റഡിയിലിരിക്കെ 2023 മാർച്ചിൽ രണ്ട് സ്വകാര്യ ചാനലുകളിലൂടെയാണ് ബിഷ്ണോയുടെ അഭിമുഖം നൽകിയിരുന്നത്. ബിഷ്‌ണോയി പഞ്ചാബിലെ ഖറാറിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (സിഐഎ) യുടെ കസ്റ്റഡിയിലായിരുന്നു ഇക്കാലത്ത്. സംഭവം ഏറെ വിവാദമായതോടെ ഈ വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണിപ്പോൾ ഡിഎസ്പി ഗുർഷേർ സിങ് സന്ധുവിനെതിരെ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തരവിന് പഞ്ചാബ് പബ്ലിക് സർവീസ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്.
ചാനലുകളിൽ ബിഷ്ണോയി അഭിമുഖം നൽകിയത് പൊലീസിൻ്റെ ഒത്താശയോടെ ആയിരുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഡിഎസ്പിക്കെതിരെ സർക്കാർ നടപടിയെടുത്തത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ സസ്പെൻഡ് ചെയ്തിരുന്നു. 2022 മെയ് 29ന് പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ലോറൻസ് ബിഷ്‌ണോയ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here