കഴിഞ്ഞ വര്‍ഷം പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫിറോസ്പൂര്‍ ജില്ലാ സൂപ്രണ്ട്, ഡിഎസ്പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ സസ്‌പെന്‍ഷന്‍ കിട്ടിയവരില്‍ ഉള്‍പ്പെടും.
കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിനാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുറാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. പ്രധാനമന്ത്രിയും അകമ്പടി വാഹനങ്ങളും കര്‍ഷക പ്രതിഷേധത്തില്‍ 20 മിനിറ്റോളം ഫ്‌ളൈഓവറില്‍ കുടുങ്ങിയിരുന്നു. അന്നത്തെ ചരണ്‍ജിത്ത് ഛന്നി സര്‍ക്കാരിനെതിരെ ബിജെപി ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ യാത്രയില്‍ അവസാന നിമിഷം മാറ്റം വരുത്തിയിരുന്നെന്നും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിച്ചിരുന്നു. സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാക്കിയിരുന്നു. വീഴ്ചയുമായി ബന്ധപ്പെട്ട് ഏഴ് ഉദ്യോഗസ്ഥരെ ഭഗവത് മന്‍ സര്‍ക്കാരാണ് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. മറ്റ് ആറോളം ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here