തിരുവനന്തപുരത്ത് പുഷ്‌ബോക്‌സ് ടെക്‌നോളജിയിലൂടെ അണ്ടര്‍പാസ് നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം

കഴക്കൂട്ടം ഗുരുനഗര്‍ ജംഗ്ഷനില്‍ പുഷ്‌ബോക്‌സ് ടെക്‌നൊളജിയിലൂടെ അണ്ടര്‍പാസ് നിര്‍മിക്കുന്നതിന്റെ സാധ്യതതകള്‍ പഠിക്കുവാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ഗുരുനഗര്‍ നിവാസികളുടെയും ടെക്കികളുടെയും ബുദ്ധിമുട്ട് ശ്രദ്ധയില്‍ പെടുത്തി കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. കഴിഞ്ഞ ദിവസം ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമാണ് കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. ഉടന്‍തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയ മന്ത്രി ദേശീയപാത അതോറിറ്റി കേരള റീജണല്‍ ഡയറക്ടര്‍ പ്രദീപുമായും ഫോണില്‍ ബന്ധപ്പെട്ടു.

ഗുരുനഗര്‍ ജംഗ്ഷനില്‍ അണ്ടര്‍പാസ് പണിയുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ പ്രദീപ് വിശദീകരിച്ചപ്പോള്‍ അവിടെ പുഷ്‌ബോക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ച് അണ്ടര്‍പാസ് നിര്‍മിക്കാനുള്ള സാധ്യത പഠിക്കാനും അതിനുള്ള പ്രോജക്ട് രൂപീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന ഭാഗത്തെ പ്രധാന ജംഗ്ഷനാണ് ഗുരുനഗര്‍ ജംഗ്ഷന്‍. നിലവില്‍ ടെക്കികള്‍ക്കും സമീപവാസികള്‍ക്കും റോഡ് മുറിച്ച് എതിര്‍ വശത്തേക്ക് കടക്കുവാന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇതിനു പരിഹാരമായി മുക്കോലയ്ക്കലിലും ടെക്‌നോപാര്‍ക്ക് ഫേസ് ത്രീക്ക് സമീപവുമായി രണ്ട് അടിപ്പാത നിര്‍മിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ 25.78 രൂപ ദേശീയപാത അതോറിറ്റിക്ക് അനുവദിച്ചിരുന്നു. ഈ അണ്ടര്‍പാസുകള്‍ക്കൊപ്പം നിര്‍മ്മിക്കേണ്ടതായിരുന്നു ഗുരുനഗര്‍ ജംഗ്ഷനിലേയും അണ്ടര്‍പാസ്.

ഗുരു നഗര്‍ ജംഗ്ഷനിലും വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയിലാണ്. ഇവിടെ അണ്ടര്‍പാസ് നിര്‍മിക്കാതിരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സാങ്കേതികത്വങ്ങള്‍ പറഞ്ഞു കൈയൊഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എ ദില്ലിയിലെത്തി കേന്ദ്രമന്ത്രിയെ കണ്ടത്. മന്ത്രി കാര്യങ്ങള്‍ വിശദമായി കേട്ടുവെന്നും പരിഹാരം കാണാന്‍ ശ്രമിക്കാം എന്ന് ഉറപ്പു നല്‍കിയതായും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News