‘പുഷ്പന്റെ രക്തസാക്ഷിത്വം അനീതിക്കെതിരായ പോരാട്ടത്തിനുള്ള കരുത്ത്’: എം വി ജയരാജന്‍

പുഷ്പന് പകരം പുഷ്പന്‍ മാത്രം, പുഷ്പന്റെ ജീവിതം വൈദ്യശാസത്രത്തിന് പോലും അത്ഭുതമായിരുന്നെന്ന് എം വി ജയരാജന്‍.
പുഷ്പന്റെ രക്തസാക്ഷിത്വം അനീതിക്കെതിരായ പോരാട്ടത്തിനുള്ള കരുത്താണെന്നും എം വിജയരാജന്‍ പറഞ്ഞു.പുഷ്പന്റെ
സംസ്‌ക്കാരച്ചടങ്ങിന് ശേഷം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO FREAD :സഖാവ് പുഷ്പന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ; ജനസാഗരം സമരനായകന് വിടനല്‍കി

കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌ക്കാരം ഇടമുറിയാത്ത മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ വികാരഭരിതമായ അന്തരീക്ഷത്തില്‍ ചൊക്ലിയിലെ വീട്ടുവളപ്പില്‍ നടന്നു. കോഴിക്കോട് യൂത്ത് സെന്ററിലെ പൊതുദര്‍ശനത്തിനുശേഷം ഇന്ന് രാവിലെ എട്ട് മണിയോടെ വിലാപയാത്ര കണ്ണൂര്‍ ജില്ലയിലേക്ക് തിരിച്ചു.

വഴിയില്‍ ഉടനീളം പുഷ്പന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് കാത്തുനിന്നത്. കൊയിലാണ്ടി, വടകര, ഓഞ്ചിയം, നാദാപുരം, മാഹി എന്നിവിടങ്ങളിലെല്ലാം പുഷ്പന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ജനസഞ്ചയം ഒഴുകിയെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരധിയാളുകളാണ് കോഴിക്കോട് മുതലുള്ള വിവിധ കേന്ദ്രങ്ങളില്‍ പുഷ്പന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.

തലശേരി ടൌണ്‍ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, പി ജയരാജന്‍ എന്നിവരുള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. ഇതിനുശേഷം അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം മുതല്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് പുഷ്പന്റെ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് ഒരുമണിക്കൂറോളം ടൌണ്‍ഹാളില്‍ പൊതുദര്‍ശനം. ഇവിടെ നിന്ന് വിലാപയാത്ര കൂത്തുപറമ്പിലേക്ക് പുറപ്പെടുമ്പോഴും അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നിരവധിയാളുകള്‍ അവശേഷിക്കുന്നുണ്ടായിരുന്നു.

ALSO READ :സഖാവ് പുഷ്പന്റെ മൃതദേഹം ചൊക്ലി മേനപ്രത്തെ വീട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ അല്പസമയത്തിനകം

കൂത്തുപറമ്പിലെ സമരഭൂമികയില്‍ തങ്ങളുടെ പ്രിയസഖാവിനെ ഒരുനോക്ക് കാണാനായി ആയിരകണക്കിന് ആളുകളാണ് കാത്തുനിന്നത്. കൂത്തുപറമ്പിലെ രക്തനക്ഷത്രങ്ങളായി മൂന്ന് പതിറ്റാണ്ടോളമായി ജ്വലിച്ചുനില്‍ക്കുന്ന കെ. കെ. രാജീവന്‍, കെ. ബാബു, മധു, കെ.വി. റോഷന്‍, ഷിബുലാല്‍ എന്നിവര്‍ക്കൊപ്പം ആറാമനായി പുഷ്പന്‍ കൂടിചേരുന്ന അത്യന്തം വൈകാരികമായ നിമിഷങ്ങള്‍ക്കാണ് വിപ്ലവഭൂമിക സാക്ഷ്യംവഹിച്ചത്.

കൂത്തുപറമ്പിലെ പൊതുദര്‍ശനത്തിനുശേഷം പുഷ്പന്റെ മൃതദേഹം ചൊക്ലിയിലെ രാമവിലാസം സ്‌കൂളില്‍ എത്തിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സഖാവ് പുഷ്പന്റെ മൃതദേഹം തോളിലേറ്റി. തുടര്‍ന്ന് രണ്ട് മണിക്കൂറോളം പൊതുദര്‍ശനം തുടര്‍ന്നു. പതിനായിരകണക്കിന് ആളുകള്‍ ഇവിടെയെത്തി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. കൈരളി ടി.വിക്കുവേണ്ടി റീജിയണല്‍ ഹെഡ് പി.വി കുട്ടന്റെ നേതൃത്വത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

വൈകിട്ട് പുഷ്പന്റെ മൃതദേഹം ചൊക്ലി ഗ്രാമത്തിലെ മേനപ്രയിലുള്ള പുതുക്കുടി വീട്ടിലെത്തിച്ചു. ഏറെ വികാരഭരിതമായ അന്തരീക്ഷത്തില്‍ കുടുംബാംഗങ്ങള്‍ പുഷ്പന് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ‘ഇല്ലായില്ല മരിക്കുന്നില്ല, സഖാവ് പുഷ്‌പേട്ടന്‍ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങിയ അതിവൈകാരികമായ അന്തരീക്ഷത്തിലാണ് പുഷ്പന്റെ സംസ്‌ക്കാരം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News