നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ പിവി അന്‍വറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കോടതി ഉടനെ വിധി പറയും. ഹാമ്യഹർജി പരിഗണിക്കുന്നതിന് മുന്നോടിയായി പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നിലമ്പൂരിലെ എംഎൽഎയാണ് താനെന്നും ഏത് സമയത്ത് പൊലീസ് ആവശ്യപ്പെട്ടാലും സ്റ്റേഷനില്‍ എത്താന്‍ കഴിയുന്നയാളാണെന്നും അൻവറിൻ്റെ അഭിഭാഷകൻ വാദിച്ചു. നിയമസഭ തുടങ്ങാനിരിക്കുന്നു. അതില്‍ പങ്കെടുക്കുന്നത് തടയാനാണ് ലക്ഷ്യം. 40 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. കണ്ടാലറിയുന്ന 11 പേരാണ് പ്രതികള്‍ എന്നും റിപ്പോര്‍ട്ടിലുണ്ട്. 40 പേരും പ്രതികളായാലേ അന്‍വറിനെ ഒന്നാം പ്രതിയാക്കാനാകൂ എന്നും പ്രതിഭാഗം വാദിച്ചു. രാത്രി വീട്ടില്‍ എത്തി അറസ്‌റ്റ് ചെയ്തതതിന്റെ ഉദ്ദേശ്യം എന്താണെന്ന് പ്രതിഭാഗം ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി എപ്പോഴും സഹകരിക്കും.
പ്രതിഷേധം നടന്നത് അന്‍വറിന്റെ നേതൃത്വത്തിലാണെന്നും പ്രതിഭാഗം തന്നെ ഇത് സമ്മതിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 40 അംഗ സംഘമാണ് പൊതുമുതല്‍ നശിപ്പിച്ചത്. പ്രതികള്‍ മറ്റു കേസുകളിലും പ്രതികളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ അക്രമണത്തിന് എത്തി. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടത്തിന് ഉത്തരവാദിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മണ്ഡലത്തിൻ്റെ പുറത്തുനിന്ന് വന്ന ആള്‍ക്കാര്‍ പങ്കെടുത്തതുകൊണ്ട് എന്താണ് പ്രശ്‌നമെന്ന് പ്രതിഭാഗം ചോദിച്ചു. അൻവറിന് നോട്ടീസ് നല്‍കിയില്ലെന്നും വക്കീൽ വാദിച്ചു. വൈകിട്ട് അഞ്ചുമണിക്ക് തന്നെ വിധി പറയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here