വന്യജീവി പ്രതിസന്ധി; സുപ്രീംകോടതിയെ സമീപിച്ച് പി വി അൻവർ എംഎൽഎ

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എം എൽ എ പി വി അൻവർ സുപ്രീം കോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക നിധി രൂപീകരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ അൻവർ ആവശ്യപെട്ടിട്ടുണ്ട്.

മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ രൂപീകരിക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം കർമ്മ പരിപാടി തയ്യാറാക്കേണ്ടത് എന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്. വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് നാഷണൽ കോര്പസ് ഫണ്ട്‌ രൂപീകരിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് നിലമ്പൂർ എംഎൽ എ യുടെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

ALSO READ: കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസ്; പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു

2016 നും 2023 നും ഇടയിൽ കേരളത്തിൽ മാത്രം 909 പേരാണ് വന്യജീവി ആക്രമത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം 13 സംസ്ഥാനകളിലായി 293 പേരാണ് 2018-22 കാലഘട്ടത്തിൽ കടുവയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. 2018-23 കാലഘട്ടത്തിൽ 16 സംസ്ഥാനകളിലായി 2657 പേരാണ് ആനകളുടെ ആക്രമണത്തിന് ഇരയായതെന്നും ഇതിനു പുറമെ മറ്റു വന്യജീവി അക്രമണങ്ങളിൽ കൊല്ലപ്പെട്ടവർ, കോടിക്കണക്കിനു രൂപയുടെ കൃഷിനാശം തുടങ്ങിയവക്കും മനുഷ്യ വന്യജീവി സംഘർഷം കാരണമായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

ഹർജിയിലെ മറ്റ് പ്രധാന ആവശ്യങ്ങൾ ഇവയാണ്. വന്യജീവികളെ കൊല്ലുന്നതിന് പകരം, വന്ധ്യൻകരണവും, മറ്റ് ഗർഭ നിരോധന മാർഗങ്ങളും ഉപയോഗിച്ച് അവയുടെ ജനന നിരക്ക്‌ നിയന്ത്രിക്കണം. ചില വന്യ ജീവികളെ കൊല്ലേണ്ടി വരും. ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ മനുഷ്യനും കൃഷിക്കും അപകടമാകുന്ന വന്യ ജീവികളെ നിയന്ത്രിതമായി വേട്ടയാടാൻ അനുവാദം നൽകാറുണ്ട്. ഇന്ത്യയിലും ഇതിനായുള്ള സമഗ്ര നയം തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിര്ദേശിക്കണം. അക്രമകാരികൾ ആയ വന്യമൃഗങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നയത്തിന് രൂപം നൽകണം എന്നും ഹർജിയിൽ അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകൾ ഉൾപ്പടെയുടെ സങ്കേതത്തിക വിദ്യകൾ ഉപയോഗിച്ച് വന്യജീവികളുടെ നീക്കങ്ങൾ നിരീക്ഷിക്കണം എന്നും, ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയണം എന്നും അൻവർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വന്യജീവികളുടെ അക്രമണത്തിനെ തുടർന്ന് ജീവനും, സ്വത്തും, കൃഷിയും നഷ്ടപെടുന്നവർക്കായി പ്രത്യേക ഇൻഷുറൻസ് പരിരക്ഷ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുക. സ്വാഭാവിക വനം പുനസ്ഥാപിക്കാൻ തേക്ക്, യൂക്കാലിപിറ്റിസ് തുടങ്ങിയ മരങ്ങൾ പ്രാദേശിക വാസികളുടെ സഹായത്തോടെ നീക്കിയ ശേഷം, വന പ്രദേശത്തിന് ഇണങ്ങുന്ന തരത്തിൽ ഉള്ള മരങ്ങൾ വച്ച് പിടിപ്പിക്കണം. വനത്തിനകത്തു തന്നെ മൃഗങ്ങൾക്കായി കുടിവെള്ള സ്രോതസ്സുകൾ ഒരുക്കണമെന്നും ഇതിന് ആവശ്യമായുള്ള ഫണ്ട് നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: കര്‍ഷകരുടെ ‘റെയില്‍ രോക്കോ’ പ്രതിഷേധം ഇന്ന്; ട്രെയിന്‍ യാത്രകള്‍ തടസപ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News