എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായാൽ ഒരു കോടി രൂപ തരുമെന്ന് പി വി അൻവർ എംഎൽഎ. ഏത് സ്ഥാപനത്തോട് വേണമെങ്കിലും പന്തയം വയ്ക്കാമെന്നും തോൽക്കുന്നവർ 50 ലക്ഷം രൂപ തന്നം മതിയെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ വന്നശേഷം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. എക്സിറ്റ് പോൾ തീർത്തും രാഷ്ട്രീയ താത്പര്യങ്ങളോടെ പുറത്തുവന്ന ഒന്നാണ്. അത് കണ്ട് പലരും നിരാശരാകുന്നതും ദുഖിക്കുന്നതും കണ്ടു. അത് ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിതി പരിഗണിച്ചുള്ള ഒന്നല്ല.
Also Read: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇന്ത്യയിൽ കാലങ്ങളായി കർഷകർ സമരം ചെയ്യുകയാണ്. കേന്ദ്രസർക്കാർ തീർത്തും നിഷേധാത്മക സമീപനമാണ് അവരോട് കാണിക്കുന്നത്. അംബാനി-അദാനി കൂട്ടുകെട്ടും, മണിപ്പൂർ വിഷയവും, തൊഴിലില്ലായ്മയും, വർഗീയതകളുമൊക്കെ ജനം നിരീക്ഷിക്കുന്നുണ്ട്. എക്സിറ്റ് പോളിലേത് പോലെയുള്ള ഫലം വരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളത്. ബിജെപിക്കുണ്ടായിരുന്ന മേൽക്കൈ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ഇല്ലാതായി.
ഇന്ത്യ മഹാരാജ്യം സ്വാതന്ത്ര്യം കിട്ടിയ ശേഷം ഏറ്റവുമധികം കടക്കെണിയിലായത് ഇക്കഴിഞ്ഞ പത്ത് വർഷത്തിലാണ്. കർഷകർ ഓരോ ദിവസവും ആത്മഹത്യ ചെയ്യേണ്ടി വരുന്ന സ്ഥിതിവിശേഷമാണ്. ആ കർഷകജനതയുടെ വികാരത്തിനെതിരായ ഒരു തെരഞ്ഞെടുപ്പ് ഫലം ഒരിക്കലും വരില്ല. ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ അംബാനി അദാനി കമ്പനികൾക്ക് ഷെയർ മാർകെറ്റിൽ ഇടിവ് സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള ഒരു എക്സിറ്റ് പോൾ ഫലം വന്നതെന്ന് മാത്രമേ മനസിലാക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here