കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐ(എം) ലോക്കൽ സെക്രട്ടറി പി വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ, പ്രതി അഭിലാഷിനെ 6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 6 ദിവസം അനുവദിച്ചു, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കൊണ്ടുപോയി. കൊലപാതകം നടത്തിയ ക്ഷേത്രത്തിൽ അഭിലാഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഏഴ് വർഷമായി സത്യനാഥനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി അഭിലാഷ് പൊലീസിന് നൽകിയ പ്രാഥമിക മൊഴി.
Also Read: കേരളത്തിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ 20 സീറ്റുകളിലും എൽഡിഎഫ് വിജയിക്കും: എ വിജയരാഘവൻ
കൊലപാതകത്തിന് ക്ഷേത്ര പരിസരം തെരഞ്ഞെടുക്കാൻ ഉണ്ടായ കാരണവും കൊലപാതകത്തിന് മാറ്റാരെങ്കിലും സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരും കൊയിലാണ്ടി സി ഐ മെൽബിൻ ജോസിനാണ് അന്വേഷണ ചുമതല. വടകര ഡി വൈ എസ് പിയുടെ മേൽനോട്ടത്തിൽ 14 പേരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here