മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത പി വി ആര്‍ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിനിമാ-സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മലയാള സിനിമയ്ക്ക് ഏര്‍പ്പെടുത്തുന്ന ഏതൊരു വിലക്കും നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത പി വി ആര്‍ ഗ്രൂപ്പിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന് അഭിമാനമായ ഒരു പാട് ചലച്ചിത്രങ്ങള്‍ ഉണ്ടാകുന്ന ഇന്‍ഡസ്ട്രി ആണ് നമ്മുടേത്. മലയാള സിനിമയ്ക്ക് ഏര്‍പ്പെടുത്തുന്ന ഏതൊരു വിലക്കും നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെല്ലുവിളിയായി കണക്കാക്കേണ്ടി വരും.
ബ്ലെസിയുടെ ആടുജീവിതം വര്‍ഷങ്ങള്‍ സമര്‍പ്പണം ചെയ്‌തെടുത്ത സിനിമയാണ്. ആടുജീവിതം ഏകപക്ഷീയമായി തീയറ്ററുകളില്‍ നിന്ന് പി വി ആര്‍ പിന്‍വലിച്ചതായിട്ടാണ് മനസിലാക്കുന്നത്. ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവുമൊക്കെ മികച്ച അഭിപ്രായം നേടി നില്‍ക്കുന്ന സമയത്ത് പി. വി. ആര്‍ പോലെയുള്ള വലിയ ഒരു തിയേറ്റര്‍ ചെയിനില്‍ സ്‌ക്രീനുകള്‍ കിട്ടാതെ വരുന്നത് വലിയ തിരിച്ചടിയാണ്. കേരളത്തിന് പുറത്ത് പ്രത്യേകിച്ചും സിനിമകളുടെ കളക്ഷനെ അത് ബാധിക്കും. മലയാളം സിനിമകള്‍ക്ക് തുടര്‍ച്ചയായി തീയറ്ററുകളില്‍ വലിയ വിജയം ലഭിക്കുന്ന ഘട്ടത്തില്‍ ഇത്തരം സമീപനം ശരിയല്ല. മലയാള സിനിമയ്ക്ക് അന്യഭാഷാ പ്രേക്ഷകരിലും സ്വീകാര്യത വര്‍ദ്ധിക്കുന്ന നില നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്.
ഡിജിറ്റല്‍ സിനിമ രംഗത്ത് സേവന ദാതാക്കള്‍ നല്‍കുന്ന സേവനത്തിന് അവര്‍ ചുമത്തുന്ന ഉയര്‍ന്ന നിരക്ക് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ വിവിധ പ്രതിനിധികളുമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആശയവിനിമയം നടത്തുന്നുണ്ട്. നിലവിലുണ്ടായിരിക്കുന്ന അഭിപ്രായ വ്യത്യാസം പ്രദര്‍ശന ശാലകള്‍ക്കും നിര്‍മാതാക്കള്‍ക്കും ഗുണകരമായ നിലയില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയണം. വിഷു റിലീസ് ചിത്രങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് പി വി ആര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നിലപാട്. ഈ നടപടി അടിയന്തരമായി തിരുത്തി മലയാള സിനിമ പ്രദര്‍ശനം സാധ്യമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here