പ്രതിപക്ഷ നേതാവിനെ ചൊല്ലി ബിജെപിയിലും തർക്കം; കട്ടീലിന് പകരം പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് കരന്തലജെക്ക് സാധ്യത

മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ അധികാരത്തിൽ തിരിച്ചെത്തിയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിൽ കർണാടക ബിജെപിയിലും വൻ അഴിച്ചുപണിക്ക് സാധ്യത. പാർട്ടി അധ്യക്ഷസ്ഥാനത്തിനും പ്രതിപക്ഷനേതാവ് സ്ഥാനത്തിനും വേണ്ടി നേതാക്കൾ ചരടുവലി തുടങ്ങിയതായാണ് പുറത്ത് വരുന്ന വാർത്തകൾ.

സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു മുതല്‍ ശുദ്ധീകരണം ആവശ്യമാണെന്ന ചര്‍ച്ചകളും ബിജെപിയില്‍ ഉയരുന്നുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ ശക്തരായ നേതാക്കളെ അവതരിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യം ഉയര്‍ന്നതായി മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും പുതിയ മുഖങ്ങള്‍ വന്നേക്കും.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കും ബിജെപി പുതിയ ആളിനെ പരിഗണിക്കുന്നുണ്ട്. എങ്കിലും ബസവരാജ് ബൊമ്മയ് ശക്തമായി രംഗത്തുണ്ട്. എസ് സുരേഷ് കുമാർ, അരവിന്ദ് ബെല്ലാഡ്, വി സുനിൽ കുമാർ എന്നിവരും പ്രതിപക്ഷ നേതാവ് സ്ഥാനത്തിനായി ചരടുവലിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സംസ്ഥാനത്ത് നേരിട്ട വൻ പരാജയത്തിൻ്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് കട്ടീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കട്ടീല്‍ ബിജെപിയെ നയിക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ബൊമ്മയ്യുടെ പ്രസ്താവന അനുചിതമാണെന്ന വിലയിരുത്തല്‍ പല നേതാക്കള്‍ക്കിടയിലുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News