വിഷ്ണുവിൻ്റെ കുടുംബത്തിന് ക്ഷേമം ഉറപ്പാക്കാൻ അടിയന്തര നടപടികൾ: മന്ത്രി ഡോ. ബിന്ദു

r bindhu

ആലപ്പുഴ ജില്ലയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച് ഗൃഹനാഥൻ ജീവനൊടുക്കിയ കുടുംബത്തിൻ്റെ അതിജീവനവും ക്ഷേമവും ഉറപ്പാക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.സംഭവമറിഞ്ഞയുടനെ ആവശ്യപ്പെട്ടതു പ്രകാരം ജില്ലാ സാമൂഹ്യനീതി ഓഫീസർ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാനും സമൂഹത്തിൽ ഒറ്റക്കല്ലെന്ന വിശ്വാസം സൃഷ്ടിക്കാനുമാണ് അടിയന്തര നടപടികൾ കൈക്കൊള്ളുന്നത് – മന്ത്രി പറഞ്ഞു.

തീവ്രഭിന്നശേഷിയുള്ള വിഷ്ണുവിൻ്റെ എല്ലാ വിധ ദൈനംദിന കാര്യങ്ങളും നോക്കിയിരുന്നത് അച്ഛൻ സുരേഷായിരുന്നു. ചലനശേഷി കുറഞ്ഞ വിഷ്ണുവിനെ രണ്ടാഴ്ചയിലൊരിക്കൽ കോമളപുരം നോർത്ത് ആര്യാടുള്ള വീട്ടിലെത്തി പരിശോധിച്ച് വൈദ്യസഹായം നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ക്രമീകരണം ഒരുക്കും. കുടുംബാംഗങ്ങൾക്ക് ആവശ്യമായ കൗൺസലിംഗ് സേവനവും ആരോഗ്യ വകുപ്പ് മുഖേന നൽകും.

വിഷ്ണുവിന് ഭിന്നശേഷി പെൻഷൻ നൽകി വരുന്നുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ ഗുണഭോക്തൃ പട്ടികയിലുള്ള കുടുംബത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തുടർനടപടികൾ വേഗത്തിലാക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകും.

സുരേഷ് ജോലി ചെയ്തിരുന്ന കോമളപുരം സ്പിന്നിംഗ് മില്ലിലെ ജനറൽ മാനേജരുമായി (യൂണിറ്റ് ഇൻ ചാർജ്) ആശ്രിതനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പി എഫ് ആനുകൂല്യങ്ങൾ എത്രയും വേഗം ലഭ്യമാക്കാനും സ്ഥാപനം നടപടി സ്വീകരിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര ആശ്വാസസഹായമായി സ്ഥാപനത്തിലെ ജീവനക്കാരും തൊഴിലാളികളും ഒരു ദിവസത്തെ വേതനം കുടുംബത്തിന് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. വീടു നിർമ്മിക്കാൻ സർക്കാർ സഹായത്തിന് പുറമെ വേണ്ടി വരുന്ന തുക കണ്ടെത്താൻ സ്പിന്നിംഗ് മില്ലുകളുടെ ചുമതലയുള്ള എംഡിയുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യും.

ALSO READ: ആര്‍ദ്രം ആരോഗ്യം; രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തി

സ്ഥിരം ജോലി ലഭിക്കും വരെ വിഷ്ണുവിൻ്റെ അമ്മയ്ക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വാശ്രയ പദ്ധതിയിൽ ധനസഹായം നൽകാനും പരിരക്ഷ പദ്ധതി പ്രകാരം അടിയന്തര ആശ്വാസധനം ലഭ്യമാക്കാനും നടപടി കൈക്കൊള്ളും. പദ്ധതികൾക്കുള്ള അപേക്ഷ തയ്യാറാക്കി നൽകാൻ സഹായിക്കാൻ സായംപ്രഭ ഹോംകെയർ ഗിവർക്ക് ചുമതല നൽകിയിട്ടുണ്ട് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.പ്രയാസം അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കും കുടുംബങ്ങൾക്കും സാമൂഹ്യ-മാനസിക പിന്തുണ നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ സ്ഥിരം സംവിധാനം ഒരുക്കുന്നത് ആലോചിക്കും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News