ജില്ലാ ജഡ്ജി, മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം, കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ എന്നീ നിലകളിൽ നിയമ ലോകത്തെ നിറസാന്നിധ്യമായിരുന്ന ആർ നടരാജൻ വിട വാങ്ങി. കായംകുളം സ്വദേശിയായ ആർ നടരാജൻ ആലപ്പുഴയിലായിരുന്നു താമസം. പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ നിയമാദ്ധ്യാപനത്തിൽ വ്യാപ്യത നായിരുന്നു.
ഇടമലയാർ കേസിൽ 1999ൽ മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവരെ അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ച ഇടമലയാർ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ആർ നടരാജൻ. ഇടമലയാർ പ്രത്യേക കോടതി 1991-ൽ സ്ഥാപിതമായി, കേസ് നമ്പർ 1991-ലെ സിസി 1 ആയിരുന്നു. 1999ലാണ് ആർ നടരാജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക കോടതി പിള്ളയടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 1999 നവംബറിൽ അദ്ദേഹം അവരെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു.
പിന്നീട് ആർ നടരാജനെ കേരള ഹൈക്കോടതി ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചു. ഇതിനു ശേഷം കോട്ടയം ജില്ലാ ജഡ്ജിയായി നിയമിതനായ നടരാജനാണ് 2006ൽ പ്രവീൺ വധക്കേസിൽ ഒന്നാം പ്രതിയും മലപ്പുറം മുൻ ഡിവൈഎസ്പിയുമായ ഷാജിക്കും രണ്ടാം പ്രതിയായ ബിനുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് 2008 മുതൽ 2010 വരെ പാലക്കാട് ജില്ലാ ജഡ്ജിയായി പ്രവർത്തിച്ച നടരാജൻ തൻ്റെ കാലയളവിൽ പട്ടാമ്പി ആമയൂർ വധക്കേസിലെ പ്രതി പറമ്പത്തെട്ട് റെജികുമാറിന് വധശിക്ഷ വിധിച്ചിരുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെ ജനകീയനാക്കിയ ജഡ്ജിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അന്യാധീനപ്പെട്ട സർക്കാർ ഭൂമി പിടിച്ചെടുക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ അവിസ്മരണീയമാണ്. അന്ന് കമ്മീഷൻ ഐജിയായിരുന്ന എസ് ശ്രീജിത്തിനെ നിയോഗിച്ച് സംസ്ഥാനത്തുടനീളം അന്വേഷണം നടത്തിയാണ് ആർ നടരാജൻ സർക്കാർ ഭൂമി തിരിച്ചു പിടിച്ചെടുക്കാൻ സർക്കാരിന് റിപ്പോർട്ട് നൽകിയത്.
Also Read; ദേശിയപാത 66ന്റെ വിവിധ സ്ട്രച്ചുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ജസ്റ്റിസ് ജെബി കോശി അധ്യക്ഷനും ആർ നടരാജൻ, കെഇ ഗംഗാധരൻ എന്നിവർ അംഗങ്ങളുമായുള്ള അന്നത്തെ കമ്മീഷൻ ലക്ഷക്കണക്കിന് നിരാശ്രയർക്കാണ് ആശ്രയമേകിയത്. കമ്മീഷനിൽ നിന്നും വിരമിച്ച ആർ നടരാജൻ പൂർണ സമയവും അദ്ധ്യാപനത്തിന് വേണ്ടി നീക്കിവച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here