മോശം പരാമർശങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിഷയത്തിൽ പൊലീസിന്റെ നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 27ന് വീണ്ടും പരിഗണിക്കും. ബോബി ചെമ്മണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പൊലീസിന്റെ നിലപാട് അറിയട്ടെ എന്നു വ്യക്തമാക്കി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ആണ് ജാമ്യാപേക്ഷ മാറ്റിയത്. താൻ ഹണി റോസിനെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് വസ്ത്രധാരണ രീതിയെ വിമർശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. രാഹുൽ ഈശ്വർ തനിക്കും തന്റെ കുടുംബത്തിനും കടുത്ത മാനസിക സമ്മര്‍ദമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഹണി റോസ് പ്രതികരിച്ചിരുന്നു.
also read:ഹണി റോസിന്‍റെ പരാതി; മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന്‍റെ ഹർജി ഇന്ന് പരിഗണിക്കും
ചാനൽ ചർച്ചകളിൽ പങ്കെടുക്കവെ രാഹുൽ നടത്തിയ പരാമർശങ്ങളിലാണ് ഹണി റോസ് പരാതി നൽകിയത്. ഹണിക്കെതിരായ പരാമർശങ്ങളിൽ തൃശ്ശൂർ സ്വദേശിയായ സലിം ഇന്ത്യയും രാഹുലിനെതിരെ പരാതി നൽകിയിരുന്നു. സൈബർ ഇടത്തില്‍ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയായിരുന്നു രാഹുല്‍ ഈശ്വർ എന്നും പരാതിയിൽ ആരോപണമുണ്ട്.
ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും അതിനു പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്നും ഹണിറോസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു. കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു. തുടർന്നാണ്, ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും ഹണി റോസ് നിയമപോരാട്ടം ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here