ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഔദ്യോഗിക വസതി ഒഴിയും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കി.
12 തുഗ്ലക് ലെയ്‌നിലെ വസതി റദ്ദാക്കുന്നത് കാണിച്ച് നൽകിയ കത്തിന് നന്ദി.കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചിലവഴിച്ച സമയത്തിന്‍റെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചു. മുൻവിധികളില്ലാതെ, നോട്ടീസിലെ നിർദ്ദേശം പാലിക്കുമെന്നും രാഹുൽ കത്തിൽ പറഞ്ഞു.ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയാനാണ് ലോക്സഭാ ഹൗസിങ് കമ്മിറ്റി രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
എന്നാൽ രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയിട്ടുള്ള Z പ്ലസ് സുരക്ഷ വെട്ടിക്കുറച്ചേക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ സ്ഥലത്തേക്ക് താമസം മാറിയാൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യരാക്കപ്പെടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here