ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിൽ ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. തങ്ങൾ ദൈവത്തേക്കാൾ വലിയവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ വിചാരം. കേന്ദ്ര അന്വേഷണം ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ. അമേരിക്കൻ സന്ദർശനത്തിനിടെ മൊഹബത്ത് കീ ദൂക്കാൻ എന്ന പരിപാടിയിലാണ് വിമർശനം.

ബിജെപി ഇന്ത്യ ഭരിക്കുമ്പോൾ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതിയും സംരക്ഷണവും ലഭിക്കുന്നില്ല എന്നാണ് രാഹുൽഗാന്ധി ഉയർത്തുന്ന വിമർശനം. ജനങ്ങളുമായി സംവദിക്കാനുള്ള എല്ലാ ഉപകരണങ്ങളും ആർഎസ്എസിന്റെ കൈകളിൽ അകപ്പെട്ടു പോയിരിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തിയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുമാണ് ബിജെപി സർക്കാർ മുന്നോട്ടുപോകുന്നത്.

ദൈവത്തേക്കാൾ അറിവുള്ളവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ വിചാരം. രാജ്യത്തെ മുന്നോട്ടു നടത്തുന്ന ഭീതി മറികടക്കാനാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ ജനങ്ങളുമായി സംസാരിച്ചതെന്നും ഭാരത് ജോഡോ യാത്രയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രാഹുൽ പറഞ്ഞു. പരസ്പര സ്നേഹത്തോടെ നമ്മളെല്ലാവരും ഒന്നിച്ചു നിൽക്കണം എന്നാണ് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹം. എന്നാൽ ആ ആഗ്രഹം പോലും ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ വിമർശനം കടുപ്പിച്ചു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയയിലെ വിദ്യാർത്ഥികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് രാഹുൽഗാന്ധി സാൻഫ്രാൻസിസ്കോയിലെത്തിയത്. അവിടെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംഘടിപ്പിച്ച മൊഹബത്ത് കീ ദൂക്കാൻ എന്ന പരിപാടിയിലാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരായ വിമർശനം കെട്ടഴിച്ചുവിട്ടത്.

സർക്കാരിനെ വിമർശിക്കുക എന്നാൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്നല്ല അർത്ഥമെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച സാം പിത്രോഡയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ബിജെപി നേതാക്കൾ ഇന്ത്യയ്ക്ക് നേരെയുള്ള അധിക്ഷേപമായി വ്യാഖ്യാനിച്ചിരുന്നു.

അമേരിക്കയിൽ ആറു ദിവസത്തെ സന്ദർശനം തുടരുന്ന രാഹുൽ ഗാന്ധി വാഷിംഗ്ടൺ ഡിസി ന്യൂയോർക്ക് എന്നീ നഗരങ്ങളും സന്ദർശിക്കുന്നുണ്ട്. സന്ദർശനത്തിനിടെ അമേരിക്കൻ സെനറ്റർമാരെയും വിശിഷ്ട വ്യക്തികളെയും ഇന്ത്യയിൽ നിന്നുള്ള പ്രവാസികളെയും വിദ്യാർത്ഥികളെയുമെല്ലാം രാഹുൽ നേരിൽ കാണും.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും ന്യൂയോർക്ക് നഗരത്തിലും ആയിരങ്ങൾ പങ്കെടുക്കുന്ന പൊതു പരിപാടിയെയും അഭിസംബോധന ചെയ്യും. ജൂൺ 22ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്ക സന്ദർശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News