പത്ത് വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിയും ഖാർഗെയും സന്ദർശനം മാറ്റിവച്ചു

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നത്തെ യാത്രയാണ് നാളത്തേക്ക് മാറ്റിയത്. പത്ത് വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യതകള്‍ അടക്കം ചര്‍ച്ചകള്‍ക്കാണ് ഇരുവരും കശ്മീരിലെത്തുക. പ്രചാരണത്തിനല്ലാതെ ദേശീയ നേതൃത്വം സംസ്ഥാനത്തെത്തി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടത്തുന്നത് കോണ്‍ഗ്രസില്‍ പതിവില്ലാത്തതാണ്. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം നടക്കുന്ന ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് പ്രാദേശിക നേതൃത്വവുമായും സഖ്യസാധ്യതയുളള പാര്‍ട്ടികളുമായും നേരിട്ട് ചര്‍ച്ചകള്‍ക്ക് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ജമ്മു കശ്മീരിലേത്തുന്നത്.

Also Read: ഗതാഗത സുരക്ഷ വർധിപ്പിക്കാൻ ക്ലാസുകൾ; ദുബായിൽ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തി ആ‍ർടിഎ

ഇന്നാണ് സന്ദര്‍ശനം തീരുമാനിച്ചിരുന്നതെങ്കിലും നാളത്തേക്ക് മാറ്റിയതായി കോണ്‍ഗ്രസ് അറിയിച്ചു. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികളുമായുളള സഖ്യസാധ്യത കോണ്‍ഗ്രസ് തേടുന്നുണ്ട്. ഇരുപാര്‍ട്ടികളുടെയും നേതാക്കളുമായി കൂടിക്കാഴ്ചയുണ്ടാകുമോയെന്നതും രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നു. സഖ്യമായി മത്സരിക്കാനാണ് താത്പര്യമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കശ്മീരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സ്‌ക്രീനിംഗ് കമ്മിറ്റിയും തുടരുകയാണ്. 90 മണ്ഡലങ്ങളുളള ജമ്മു കശ്മീരില്‍ എത്ര സീറ്റിലേക്ക് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന കാര്യത്തിലും തീരുമാനം എടുത്തില്ല. എങ്കിലും സ്ഥാനാര്‍ത്ഥി മോഹികളായ ആയിരത്തോളം അപേക്ഷകളാണ് എഐസിസിയുടെ മുന്നിലുളളത്. ആന്റോ ആന്റണി എംപി ഉള്‍പ്പെടുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ജമ്മുകശ്മീരിലെ നേതാക്കളുമായി കൂടിക്കാഴ്ച തുടരുകയാണ്.

Also Read: ട്രെയിനില്‍ തസ്മീത്തിനെ കണ്ടെത്താനായില്ല; കുട്ടിക്കായി വ്യാപക തിരച്ചില്‍

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ജമ്മു മേഖലയില്‍ നിന്ന് വന്‍വിജയം നേടുന്നതിനൊപ്പം കശ്മീര്‍ താഴ്വരയിലും നേട്ടം കൊയ്യാനാണ് ബിജെപി ശ്രമം. മുതിര്‍ന്ന ആർഎസ്എസ് പ്രചാരകനും മുന്‍ ജനറല്‍ സെക്രട്ടറിയുമായ രാം മാധവും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഢിയുമാണ് ബിജെപിയുടെ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് പ്രഭാരിമാര്‍. ജമ്മു മേഖലയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി കശ്മീര്‍ താഴ്വരയില്‍ ചില സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചേക്കും. സെപ്തംബര്‍ 18 , 25 , ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News