പേടിക്കണ്ടാ… ഓടിക്കോ… യുപിയെ ‘കൈ’വിട്ട് രാഹുലും പ്രിയങ്കയും!

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും രാജ്യം ഉറ്റുനോക്കുന്ന രണ്ട് മണ്ഡലങ്ങളാവുകയാണ്. ഒരിക്കല്‍ കോണ്‍ഗസ് കോട്ട എന്ന് അറിയപ്പെട്ടിരുന്ന രണ്ട് മണ്ഡലങ്ങളിലും മത്സരിക്കാന്‍ തയ്യാറാവാതെ മടിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അതായത് യുപിയെ തന്നെ ഇവരും ഉപേക്ഷിക്കയാണെന്ന് പറയേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടയ്‌ക്കെപ്പോഴോ പ്രിയങ്കയാകും യുപിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നൊരു പ്രചരണം വന്നെങ്കിലും അങ്ങനൊരു തീരുമാനമില്ലെന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് പ്രിയങ്കയുടെ പേരു പറഞ്ഞ് കേട്ടത് റായ്ബറേലിയില്‍ സോണിയക്ക് പകരം പ്രിയങ്ക എന്നതാണ്. രാഹുല്‍ ഗാന്ധി അമേഠിയിലും രാജ്യസഭ സീറ്റ് മതിയെന്ന് തീരുമാനിച്ച സോണിയ ഗാന്ധിയ്ക്ക് പകരം റായ്‌ബെറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്നാണ് യുപി കോണ്‍ഗസ് നേതൃത്വത്തിന്റെ ആവശ്യം. അല്ല അവരുടെ ആഗ്രഹം. അതിന്റെ ഭാഗമായി ഇതിനകം തന്നെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ച് ഉത്തര്‍പ്രേദേശ് കോണ്‍ഗ്രസ് പ്രമേയവും പാസാക്കി.

ALSO READ: മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

എണ്‍പത് ലോക്‌സഭാ സീറ്റുകളുള്ള യുപിയിലെ പ്രധാനപ്പെട്ട രണ്ടു മണ്ഡലങ്ങള്‍ രാഹുലും പ്രിയങ്കയും വേണ്ടെന്ന് വയ്ക്കുമ്പോള്‍ യുപിയില്‍ പിന്നെ കോണ്‍ഗ്രസില്ലെന്ന് പറയേണ്ടി വരും. പരമ്പരാഗതമായി ഗാന്ധി കുടുംബത്തിലുള്ളവരെ ജയിപ്പിച്ചു ചരിത്രമുള്ള ഈ മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് ഒളിച്ചോടാനും തുടങ്ങിയത്. 2019ല്‍ ഒന്നരലക്ഷം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍വി നേരിട്ടത്. ആ തോല്‍വി നേരിട്ട് കണ്ടിട്ട് തന്നെയാണ് അദ്ദേഹം വയനാട്ടിലേക്ക് ചേക്കേറിയതും. മാത്രമല്ല മറ്റൊന്നു കൂടി കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് അടക്കി വാണിരുന്ന യുപിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയത് ആകെ ഒരു സീറ്റാണ് അത് റായ്ബറേലിയിലെ സോണിയയുടെ സീറ്റ്. ഇന്ന് ഒരു അങ്കത്തിന് തയ്യാറാകാതെ സോണിയ അവിടെ നിന്നും മത്സരിക്കണ്ടെന്ന് തീരുമാനിക്കുമ്പോള്‍ അറുപതു വര്‍ഷത്തെ പാരമ്പര്യം പറയുന്ന പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രതീകൂല സാഹചര്യത്തിന്റെ ആഴവും മനസിലാക്കണം.

ALSO READ: പുനലൂരില്‍ നായയെ പിടികൂടാന്‍ ശ്രമിച്ച് പുലി; സംഭവം ഫോറസ്റ്റ് സ്റ്റേഷന്‍റെ മുറ്റത്ത്; വീഡിയോ

തങ്ങളുടെ അഭിമാന മണ്ഡലങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ രാഹുലും പ്രിയങ്കയും ഇറങ്ങണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും സഖ്യത്തിലുള്ള സമാജ് വാദി പാര്‍ട്ടിയും നിരന്തരം പറയുന്നത്. പക്ഷെ ഇരു നേതാക്കളും ഇത് വരെയും നിലപാട് വ്യക്തമാക്കിയില്ല. ഇരു നേതാക്കള്‍ക്കും തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതോടെ പോസ്റ്ററുകളൊട്ടിച്ച് മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തു അണികള്‍. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ ഓരോ തവണ കോണ്‍ഗ്രസ് പുറത്തുവിടുമ്പോഴും ഈ രണ്ടു സീറ്റുകളും ഒഴിച്ചിടുകയാണ്. രാഹുലും പ്രിയങ്കയും ഈ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന് യുപി നേതൃത്വവും കേന്ദ്രനേതൃത്വത്തിലെ ഒരു വിഭാഗവും ശക്തമായി ആവശ്യപ്പെട്ടിട്ടും ഇരുനേതാക്കളും ഇതുവരെ അതിനുള്ള ധൈര്യം കാണിക്കുന്നില്ല. ബിജെപിയോട് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ നേരിട്ട് ഏറ്റുമുട്ടുന്നത് വലിയ രാഷ്ട്രീയമത്സരമായി വിലയിരുത്തപ്പെടുമെന്നത്തില്‍ സംശയമില്ല. എന്നാല്‍ ജയിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ഇരുവരും മാറിനില്‍ക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ കൈയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുമ്പോള്‍, ഏറ്റവും എളുപ്പത്തില്‍ ജയിക്കാവുന്നൊരിടം എന്ന നിലയില്‍ വയനാട് തന്നെ വീണ്ടും മത്സരിക്കുകയാണ് രാഹുല്‍. അതും ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാവായ ആനി രാജയോട് തന്നെ. ഇത് വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന ഏറ്റവും മോശമായ സന്ദേശം കൂടിയാണ്.

ALSO READ: “കേരളത്തിനൊരു നാഥനുണ്ട്, കര്‍മകുശലനായ ഭരണാധികാരിയുണ്ട്”: പന്ന്യന്‍ രവീന്ദ്രന്‍

ബിജെപിയുടെ അഴിമതികളില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്കൊപ്പമെന്ന് നിരന്തരം പറയുകയും രാജ്യത്തുടനീളം ഭാരത് ജോഡോ യാത്രാ, ഭാരത് ജോഡോ ന്യായ് യാത്ര എന്നിങ്ങനെ യാത്രകള്‍ സംഘടിപ്പിച്ച് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുമ്പോഴും നേരിട്ട ബിജെപി നേതാക്കളുമായി പോരാടാന്‍ രാഹുല്‍ തയ്യാറാവുന്നില്ല. പാര്‍ട്ടിയുടെ ഉത്തരവാദിത്വം തന്നെ പ്രിയങ്കയെ ഏല്‍പ്പിക്കണമെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നവര്‍ പോലും ഈ നിലപാടോടു കൂടി പ്രിയങ്കയെ തള്ളികളയാനും സാധ്യത കുറവല്ല. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളില്‍ യുപിയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സമാജ് വാദി പാര്‍ട്ടി വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ധൈര്യം പോലും കോണ്‍ഗ്രസിനില്ല. അമേഠിയില്‍ സ്മൃതി ഇറാനി രാഹുലിനെ വെല്ലുവിളിച്ചു എന്നിട്ടും മറുപടിയില്ല. സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക മത്സരിക്കുന്നെങ്കില്‍ നേരത്തെ തന്നെ പ്രഖ്യാപനം ഉണ്ടാകുമായിരുന്നെന്നും വൈകുന്ന സാഹചര്യത്തില്‍ സാധ്യത കുറവാണെന്നുമാണ് കരുതേണ്ടത്. 1977, 1998, ഏറ്റവുമൊടുവില്‍ 2019 എന്നിങ്ങനെ മൂന്നു തവണയാണ് കോണ്‍ഗ്രസ് അമേഠിയില്‍ പരാജയപ്പെടുന്നത്. എ്്ന്നാല്‍ റായ്ബറേലിയില്‍ 2004 മുതല്‍ റായ്‌ബെറേലിയില്‍ വിജയം സോണിയ ഗാന്ധിക്കായിരുന്നു. സോണിയക്ക് മുമ്പ് ഇന്ദിരാഗാന്ധിയും അവര്‍ക്ക് മുമ്പ് ഭര്‍ത്താവായ ഫിറോസ് ഗാന്ധിയും മത്സരിച്ചു വിജയിച്ച മണ്ഡലം ഗാന്ധി കുടുംബത്തിന് അത്രമേല്‍ പ്രധാനപ്പെട്ടതുമാണ്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആരുടെ പേരു പ്രഖ്യാപിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News