സംസ്ഥാനത്തെ ആദിവാസി മേഖലകളിൽനിന്ന് രാജസ്ഥാൻ തെരഞ്ഞടുപ്പിനുള്ള പ്രചരണത്തിന് തുടക്കംകുറിച്ച് രാഹുൽ ഗാന്ധി. മംഗാർ ദാമിൽ സംഘടിപ്പിച്ച ലോക ഗോത്രദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുൽ ബിജെപിയെ കടന്നാക്രമിച്ചുകൊണ്ടാണ് വാക്കുകൾ തുടങ്ങിയത്.
ആദിവാസികളെ വനവാസികൾ എന്നുവിളിച്ച ബിജെപിയെ രാഹുൽ കണക്കറ്റ് വിമർശിച്ചു. ആദിവാസികൾ ഒരുകാലത്ത് ഇന്ത്യയിലെ യഥാർത്ഥ നിവാസികളായിരുന്നു, രാജ്യത്തിന്റെ യഥാർത്ഥ സംരക്ഷകരായിരുന്നു. നമ്മളിപ്പോൾ ജീവിക്കുന്ന ഇന്ത്യ യഥാർത്ഥത്തിൽ അവരുടേതായിരുന്നു. അവരുടെ ഗോത്രസത്വം തിരിച്ചറിയുന്നതിനുപകരം ബിജെപി അവരെ വനവാസികൾ എന്നുവിളിക്കുന്നു. ഈ അവഹേളനം ആദിവാസികൾക്കും ഭാരതമാതാവിനും അപമാനകരമാണ്; രാഹുൽ പറഞ്ഞു.
ALSO READ: കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയും: ഇ പി ജയരാജൻ
രാഹുലിനൊപ്പം വേദിയിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും ഉണ്ടായിരുന്നു. ഇതോടെ ഉൾപാർട്ടിതർക്കത്തിൽ വലയുന്ന രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകലിനുള്ള ഒരു വഴികൂടിയായി രാഹുലിന്റെ പ്രചാരണം എന്ന് കൂടി അനുമാനിക്കപ്പെടുന്നു. അതേസമയം, ലോക്സഭയിൽ ബിജെപിക്കെതിരെ രാഹുൽ കഴിഞ്ഞദിവസം ശക്തമായി ആഞ്ഞടിച്ചിരുന്നു. ഹൃദയത്തിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും ഭാരത് ജോടോ യാത്രയിൽ നിന്നും കുറെ കാര്യങ്ങൾ പഠിച്ചു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. എം പി സ്ഥാനം തിരികെ നൽകിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിച്ചു തുടങ്ങിയത്.
ALSO READ: മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം
അദാനിയെപ്പറ്റി ഞാൻ ഇന്ന് ഒന്നും പറയില്ല, നിങ്ങൾ പേടിക്കേണ്ടതില്ലെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം. രാജ്യം എന്നാൽ ശബ്ദമാണെന്നും ഇന്ന് പറയാൻ പോകുന്നത് മണിപ്പൂരിനെക്കുറിച്ചാണെന്നും രാഹുൽ ഗാന്ധി സഭയിൽ ഉറക്കെ വിളിച്ച് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here