ലോക്‌സഭാംഗത്വം തിരിച്ചുകിട്ടിയ വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് മുന്‍പ് താമസിച്ചിരുന്ന തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി തിരികെ ലഭിച്ചു. അപകീര്‍ത്തിക്കേസില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ രാഹുല്‍ തുഗ്ലക് ലെയ്‌നിലെ വീട് ഒഴിഞ്ഞിരുന്നു. അമ്മ സോണിയ ഗാന്ധിയുടെ 10 ജന്‍പഥ് റോഡിലെ വീട്ടിലാണ് പിന്നീട് രാഹുല്‍ താമസിച്ചിരുന്നത്.അയോഗ്യത കല്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ചട്ടപ്രകാരം ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുളള പരമാവധി സമയം ഒരു മാസം മാത്രമാണ്. ഏപ്രില്‍ 22ന്, രാജ്യതലസ്ഥാനത്തുളള തുഗ്ലക് ലൈന്‍ ബംഗ്ലാവില്‍ നിന്നും രാഹുല്‍ ഗാന്ധി പടിയിറങ്ങി. 2005 മുതല്‍ ഈ വസതിയിലായിരുന്നു രാഹുല്‍ ഗാന്ധി താമസിച്ച് പോന്നിരുന്നത്.
2019ലെ മോദി സര്‍നെയിം മാനനഷ്ടക്കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 24നാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവ് വിധിക്കുന്നത്. ഇതോടെ രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. സത്യം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വിലയാണ് ഇതെന്നും ഇനിയും എന്ത് വിലയും കൊടുക്കാന്‍ തയ്യാറാണ് എന്നുമായിരുന്നു അന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം നിരവധി പേര്‍ രാഹുല്‍ ഗാന്ധിക്ക് വീട് വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ മേരാ ഘര്‍ ആപ്കാ ഘര്‍ എന്ന ക്യാംപെയ്‌നും കോണ്‍ഗ്രസ് തുടക്കമിട്ടിരുന്നു. എന്തായാലും എംപി സ്ഥാനത്ത് തിരിച്ച് എത്തിയതോടെ രാഹുല്‍ ഗാന്ധിക്ക് തന്റെ ഔദ്യോഗിക ബംഗ്ലാവിലേക്ക് തിരികെ പോകാം.
അതേസമയം, സുപ്രീം കോടതി അയോഗ്യത നീക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് തിരിച്ചെത്തിയത് കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും ചെറിയ ഊര്‍ജ്ജമല്ല നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ ലഭിച്ച സ്വീകരണം വ്യക്തമാക്കുന്നത് അത് തന്നെയാണ്.
Also Read: രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഞാൻ റെഡി, പക്ഷെ ഒരു കണ്ടീഷനുണ്ടെന്ന് നടി ഷെര്‍ലിന്‍ ചോപ്ര
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here