ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി . ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വോട്ടെണ്ണലിൻറെ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം ഘട്ടം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് കോൺഗ്രസ് മുന്നേറിയത്. സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോൺഗ്രസ് വൻ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. കർണാടകയിലെ ആകെയുള്ള ആറ് മേഖലകളിൽ അഞ്ചിടത്തും വ്യക്തമായ ലീഡ് കോൺഗ്രസിനാണ്. തീരദേശ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്.
അതേസമയം, സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 135 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 20 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here