‘പ്രധാനമന്ത്രി അഴിമതിയെ എതിര്‍ക്കുന്നില്ല’; സത്യപാല്‍ മാലിക്കിന്റെ പ്രസ്താവന പങ്കുവച്ച് രാഹുല്‍ ഗാന്ധി

പ്രധാനന്ത്രി നരേന്ദ്രമോദിക്കെതിരായ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ പ്രസ്താവന പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അഴിമതിയെ എതിര്‍ക്കുന്നില്ലെന്ന സത്യപാല്‍ മാലിക്കിന്റെ പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി പങ്കുവച്ചത്. പുല്‍വാമ ആക്രമണം സംബന്ധിച്ച് മാലിക്ക് നടത്തിയത് വലിയ വെളിപ്പെടുത്തലെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ സോസ് പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദി ആരെന്നതിന് ഉത്തരം ലഭിക്കണമെന്ന് എസ്.പി നേതാവ് മനോജ് സിങും പ്രതികരിച്ചു.

പ്രധാനമന്ത്രിക്കെതിരായ സത്യപാല്‍ മാലിക്കിന്റെ പ്രതികരണം വലിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് കാരണമായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്ചയെന്നായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്. ഇത് പുറത്തുപറയരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നും സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഇതിനെ ഉപയോഗിച്ചുവെന്നും സത്യപാല്‍ മാലിക് ആരോപിച്ചു. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. ജവാന്മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് വിമാനം ആവശ്യപ്പെട്ടെന്നും എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടുവെന്നും സത്യപാല്‍ മാലിക് ആരോപിച്ചു. കശ്മീരിനെ കുറിച്ച് മോദിക്ക് ഒന്നും അറിയില്ലെന്നും രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യാതൊരു പ്രശ്‌നമില്ലെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപോറയില്‍ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ 49 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്ര റിസര്‍വ് പൊലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ദേശീയപാത 44 ല്‍ അവന്തിപുരയ്ക്കടുത്ത് സ്‌ഫോടന വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറി. ഉഗ്രസ്‌ഫോടനത്തില്‍ ബസ് ചിന്നിച്ചിതറി. നാല്‍പത്തിയൊന്‍പത് സൈനികര്‍ തല്‍ക്ഷണം മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News