‘ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട, ഇതെന്ത് നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടില്‍ മുസ്ലിം ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത് എന്ത് നിലപാടാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇങ്ങനെയൊരു നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കും ഈ നാട്ടിലെ ജനങ്ങള്‍ക്കും അവകാശമുണ്ട്. ഞങ്ങള്‍ വിമര്‍ശിക്കുക തന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു.

ഭരണഘടന വിരുദ്ധ നിലപാട് കേന്ദ്രം സ്വീകരിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവാത്തവരാണ് കോണ്‍ഗ്രസ് എംപിമാര്‍. ഇന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് തന്നെ വിമര്‍ശിക്കുന്നത് എന്നാണ്. ഇതുതന്നെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ മതനിരപേക്ഷ മനസ്സുകള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് അദ്ദേഹം കൃത്യമായ നിലപാട് സ്വീകരിക്കാത്തത് കൊണ്ടാണ്. ശക്തമായി ബിജെപിക്കെതിരെ പോരാടുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞതവണ വയനാട്ടിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തത്. എന്നാല്‍ അതനുസരിച്ച് ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. പ്രതികരിക്കാത്തിടത്തോളം വിമര്‍ശിക്കും. പൗരത്വ ഭേദഗതി നിയമം എടുത്തു പരിശോധിച്ചാലും അവരെല്ലാം ഇത്തരം നിലപാടാണ് സ്വീകരിച്ചതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

ALSO READ:സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ, ആയിഷുമ്മ തെളിയിച്ച അക്ഷരദീപം അറിവിന്റെ തീജ്വാലയായി പടർന്നു: മന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെ ബിജെപി ഗവണ്‍മെന്റ് ഇസ്ലാമോഫോബിയ നടപ്പിലാക്കുന്നു. മുസ്ലിം സമം തീവ്രവാദം എന്നാണ് പ്രചാരണം. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദ വിഭാഗമാണെന്ന് പ്രചരിപ്പിക്കാനാണ് ബിജെപി ഗവണ്‍മെന്റ് ശ്രമിച്ചത്. വെള്ള തൊപ്പിയും വെച്ചവരും, താടി നീട്ടിയവരും, പച്ചക്കൊടിയും എല്ലാം തീവ്രവാദമാണെന്ന ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണ്.

മതനിരപേക്ഷത രാഹുല്‍ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. അത് ചെയ്യാതെയുള്ള കോമാളിത്തരങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. ഇങ്ങനെയാണെങ്കില്‍ നാളെ യുഡിഎഫിന്റെ പ്രകടനത്തില്‍ നീണ്ട താടി വെച്ച് വരുന്നവരോട് നിങ്ങള്‍ പോയി താടി വടിച്ചിട്ട് വന്ന് പ്രകടനത്തില്‍ പങ്കെടുത്താല്‍ മതി എന്ന് പറയില്ലേ. വെള്ളത്തൊപ്പി ധരിച്ചു വരുന്നവരോട് തൊപ്പി മാറ്റിവരൂ എന്ന് പറയില്ലേ. ഇതാണോ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ചെയ്യേണ്ടത്? മന്ത്രി ചോദിച്ചു.

ALSO READ:‘2022ല്‍ ഭവനരഹിതരില്ലാത്ത ഒരാള്‍ പോലുമുണ്ടാകില്ല’; പാഴ് വാക്കായി ‘മോദി ഗ്യാരന്റി’കള്‍, വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെതിരെ സോഷ്യല്‍മീഡിയ- വീഡിയോ

തീവ്രമത വര്‍ഗീയ ആശയങ്ങളെ ചെറുക്കേണ്ടത് തീവ്ര മതനിരപേക്ഷ നിലപാട് എടുത്തിട്ടാണ്. അതിന് രാഹുല്‍ ഗാന്ധി തയ്യാറാകുന്നില്ല. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി മാത്രമല്ല മതനിരപേക്ഷത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ചെറിയ കുഞ്ഞുങ്ങള്‍ പോലും രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കും. എന്തുകൊണ്ട് ഇ ഡി കേരളത്തിലെ മുഖ്യമന്ത്രിയെ പിടിക്കാന്‍ വരുന്നില്ല എന്നാണ് രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തിലെ പ്രധാന ചോദ്യം. കോണ്‍ഗ്രസിനെതിരെ ഇ ഡി നടത്തിയ നീക്കം ശരിയാണെന്ന് ഇടതുപക്ഷം ഇതുവരെ പറഞ്ഞോ? ശരിയാണെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല അതിനെ ശക്തമായി എതിര്‍ക്കുകയാണ് ഇടതുപക്ഷം ചെയ്തത്. അതാണ് ഇടതുപക്ഷത്തിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ വിശ്വാസ്യത-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News