സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുല്‍ ഗാന്ധി അധഃപതിക്കരുതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. പിണറായി വിജയനെ എന്തുകൊണ്ട് ഇ. ഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നില്ല എന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യം ജനാധിപത്യ വാദികളെയാകെ അത്ഭുതപ്പെടുത്തുന്നതാണ്. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഒരു കെഎസ്യു നേതാവിന്റെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ബിജെപിയോട് നേര്‍ക്കുന്നേര്‍ ഒരു വിമര്‍ശനം പോലും ഉന്നയിക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എഴുതിക്കൊടുക്കുന്നത് അതേപടി വായിക്കാനുള്ള ഔചിത്യമില്ലായ്മ രാഹുല്‍ ഗാന്ധിയെ പോലെ ഒരു നേതാവ് കാണിക്കുവാന്‍ പാടില്ല. ബിജെപിയോട് നേരിട്ട് മത്സരിക്കാതെ അവര്‍ക്ക് അഞ്ചു ശതമാനം വോട്ട് മാത്രമുള്ള വയനാട്ടില്‍ മത്സരിക്കുന്ന അദ്ദേഹം തുടര്‍ച്ചയായി അബദ്ധങ്ങള്‍ കാണിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
പിണറായി വിജയനെ എന്തുകൊണ്ട് ഇ. ഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നില്ല എന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യം ജനാധിപത്യ വാദികളെയാകെ അത്ഭുതപ്പെടുത്തുന്നതാണ്. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഒരു കെഎസ്യു നേതാവിന്റെ നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഐഎമ്മിന്റെ മുഖ്യമന്ത്രിയെ കുടുക്കാനായി കേന്ദ്ര ഗവണ്‍മെന്റ് വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സ്വര്‍ണ്ണക്കടത്ത് എന്ന ഉണ്ടയില്ലാവെടിയുമായി മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ നാം കണ്ടതാണ്. വിവിധ അന്വേഷണ ഏജന്‍സികള്‍ കേരളത്തിന് ചുറ്റും വട്ടമിട്ട് പറന്നിട്ടും മുഖ്യമന്ത്രിക്കെതിരെയോ ഇടതുപക്ഷത്തെ ഏതെങ്കിലും ഒരാള്‍ക്കെതിരെയോ തെളിവിന്റെ ഒരു കണിക പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്ന് ബിജെപിയും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അന്വേഷണ സംഘങ്ങളും ഇവിടെ അരങ്ങേറ്റിയ പൊറാട്ട് നാടകങ്ങള്‍ക്ക് എല്ലാ പിന്തുണയും കൊടുക്കുകയായിരുന്നു കോണ്‍ഗ്രസും യുഡിഎഫും.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ഇ.ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണ പ്രഹസനങ്ങളുടെ അടുത്ത ഘട്ടം ആരംഭിച്ചിരിക്കുന്നു. ബിജെപി ഇതര മുഖ്യമന്ത്രിമാരെ രാജ്യത്തുടനീളം വേട്ടയാടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായ കോണ്‍ഗ്രസിന്റെ നേതാവ് കേരളത്തില്‍ വന്ന്, രാജ്യത്തെ ഏറ്റവും ശക്തമായ ബിജെപി വിരുദ്ധ സംസ്ഥാനത്തിന്റെ തലവനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നതിനേക്കാള്‍ പരിഹാസ്യമായ മറ്റെന്താണുള്ളത്?
ബിജെപിയോട് നേര്‍ക്കുനേര്‍ ഒരു വിമര്‍ശനം പോലും ഉന്നയിക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എഴുതിക്കൊടുക്കുന്നത് അതേപടി വായിക്കാനുള്ള ഔചിത്യമില്ലായ്മ രാഹുല്‍ ഗാന്ധിയെ പോലെ ഒരു നേതാവ് കാണിക്കുവാന്‍ പാടില്ല. ബിജെപിയോട് നേരിട്ട് മത്സരിക്കാതെ അവര്‍ക്ക് അഞ്ചു ശതമാനം വോട്ട് മാത്രമുള്ള വയനാട്ടില്‍ മത്സരിക്കുന്ന അദ്ദേഹം തുടര്‍ച്ചയായി അബദ്ധങ്ങള്‍ കാണിക്കുകയാണ്.
മുഖ്യമന്ത്രി ബിജെപിക്കെതിരെ പറയുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരാരോപണം. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ സംഘപരിവാറിനെ ഏറ്റവും ശക്തമായി വിമര്‍ശന മുനയില്‍ നിര്‍ത്തുന്ന സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ശക്തമായ രാഷ്ട്രീയ ബദല്‍ കേരളം ഉയര്‍ത്തുന്നു. ആ സമരത്തിന്റെ നായകനാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. മതരാഷ്ട്രവാദവും ന്യൂനപക്ഷ വിരോധവും പ്രചരിപ്പിക്കുന്ന സംഘപരിവാറിന്റെ കണ്ണിലെ ഏറ്റവും വലിയ കരടും ഇടതുപക്ഷവും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുമാണ്. പൗരത്വ നിയമ ഭേദഗതി നിയമവും കാര്‍ഷിക നിയമങ്ങളും ഉള്‍പ്പെടെ സംഘപരിവാര്‍ കൊണ്ടുവന്ന ജനാധിപത്യവിരുദ്ധമായ നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് ഏറ്റവും തീക്ഷ്ണമായ സമരം നടന്ന നാട് കേരളമാണ്. ഇതൊന്നും രാഹുല്‍ ഗാന്ധിക്ക് അറിയാത്തതല്ല.
വസ്തുതകള്‍ ഇതായിരിക്കെ രാജ്യത്തെ ബിജെപി വിരുദ്ധ മുന്നണിയുടെ പ്രധാന നേതാക്കളിതൊരാള്‍ ഇന്ത്യ മുന്നണിയിലെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അനുചിതമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് ആവശ്യപ്പെടാനുള്ളത്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുല്‍ ഗാന്ധി അധഃപതിക്കരുത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here