ലണ്ടനിലെ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭയില്‍ തനിക്കെതിരെ ബിജെപി മന്ത്രിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും അന്യായവുമാണെന്ന് കത്തില്‍ പറയുന്നു.
പാര്‍ലമെന്ററി പ്രാക്ടീസ് കണ്‍വെന്‍ഷനുകള്‍, ഭരണഘടനാപരമായി ഉള്‍ച്ചേര്‍ത്ത സ്വാഭാവിക നീതിയുടെ നിയമങ്ങള്‍, ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 357ന്റെയും അടിസ്ഥാനത്തിലാണ് താന്‍ ഈ അനുമതി തേടുന്നതെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കി. കൂടാതെ ഇതേ ചട്ടം ഒരു കേന്ദ്രമന്ത്രിയും ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ എംപിയും അന്നത്തെ മന്ത്രിയുമായ രവിശങ്കര്‍ പ്രസാദും ഇതേ നിയമം മുന്‍കാലങ്ങളില്‍ ഉപയോഗിച്ചതായാണ് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര സര്‍ക്കാറിലെ മന്ത്രിമാര്‍ തനിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും നിന്ദ്യവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് രാഹുല്‍ കത്തില്‍ ആരോപിച്ചു. അതു കൊണ്ട് ചട്ടം 357 പ്രകാരം തനിക്ക് മറുപടി പറയാന്‍ അവസരമൊരുക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കത്തിന്റെ പ്രധാന ഉള്ളടക്കം.
സഭയില്‍ ചോദ്യങ്ങളൊന്നും ഇല്ലാതിരിക്കുമ്പോഴും സ്പീക്കറുടെ അനുമതിയോടെ അംഗങ്ങള്‍ക്ക് വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ അനുവദിക്കുന്നതാണ് ചട്ടം 357. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യന്‍ ജനാധിപത്യം സമ്മര്‍ദ്ദത്തിലാണെന്നും പ്രതിപക്ഷ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും കാണിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഭരണകക്ഷി അംഗങ്ങള്‍ രാഹുലിനെതിരെ ഉപയോഗിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here