കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ തെറ്റായ ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ലെന്ന് റെയില്‍വേ. ട്രാക്ക് 2 ലും 3ലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗുഡ്‌സ് ട്രെയിന്‍ പ്ലാറ്റ് ഫോം ഒന്നില്‍ നിര്‍ത്തിയിട്ടത്. അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ താത്കാലികമായി വഴിതിരിച്ചുവിട്ട് ഗുഡ്സ് ട്രെയിന്‍ സര്‍വീസ് തടസ്സമില്ലാത്ത ഉറപ്പുവരുത്തുകയായിരുന്നു.
ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് പോയതല്ല. നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോം ട്രെയിനുകള്‍ സ്വീകരിക്കുന്നതിന് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും റെയില്‍വേ അറിയിച്ചു.
ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രാ ട്രെയിനുകള്‍ വരുന്ന ഒന്നാം പ്ലാറ്റ് ഫോമിലായിരുന്നു രാവിലെ ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വന്നു. ട്രെയിന്‍ കയറാന്‍ എത്തിയ യാത്രക്കാരും ആശയക്കുഴപ്പത്തിലായി. ഇതോടെ ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് എത്തുക എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here